'കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ നീരവ് മോദിയും മല്യയും ഒളിച്ചോടുന്നു'- സുപ്രീംകോടതിയിൽ ഹരജി
text_fieldsന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം എന്ന ഹർജി വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടക്കമുള്ള മൂന്ന് അംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. എം.എൽ ശർമ്മ, വിനീത് ഠാണ്ഡൻ എന്നീ അഭിഭാഷകരാണ് പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടത്. വിദേശ ഇടപാടുകളും ഉള്ളതിനാൽ പ്രത്യേക അന്വേഷണ സംഘം അനിവാര്യമാണെന്നാണ് ഹർജി.
പാവപ്പെട്ട കർഷകർക്ക് കാർഷിക വായ്പകൾ തിരിച്ചടക്കാൻ കഴിയാത്ത നാട്ടിലാണ് പി.എൻ.ബിയിൽ 11,300 കോടിയുടെ തട്ടിപ്പ് നടന്നിരിക്കുന്നത്. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സുപ്രീംകോടതി ഇടപെടണം. രണ്ടു മാസത്തിനുള്ളിൽ നീരവ് മോദിയെ രാജ്യത്ത് തിരികെയെത്തിക്കാൻ സർക്കാറിന് നിർദേശം നൽകണമെന്നാണ് ഹരജിയിൽ പ്രധാന ആവശ്യം.
വായ്പ തിരിച്ചടക്കാൻ കഴിയാത്തതിന്റെ പേരിൽ രാജ്യത്തെ കർഷകർ ആത്മഹത്യ ചെയ്യുകയും ബാങ്ക് ഉദ്യോഗസ്ഥരുടെ അപമാനം ഏറ്റുവാങ്ങുകയും ചെയ്യുന്നു. വർഷങ്ങളായി തട്ടിപ്പ് നടത്തിയാണ് നീരവ് മോദി നാടുവിട്ടിരിക്കുന്നത്.വിജയ് മല്യ, കേതൻ പരേഖ്, ഹർഷദ് മേത്ത എന്നിവരും ഇന്ത്യയിൽ നിന്ന് കോടികൾ തട്ടി വിദേശത്തേക്ക് മുങ്ങിയ കാര്യം ധാണ്ഡ ചൂണ്ടിക്കാട്ടി.
ബാങ്കിങ് സേവനങ്ങളിലെ തങ്ങളുടെ ചുമതലകൾ നടപ്പിലാക്കുന്നതിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പൂർണമായും പരാജയപ്പെട്ടതായി പിഎൻബി കുംഭകോണം വ്യക്തമാക്കുന്നതായും ഹരജിയിൽ പറയുന്നു. ധനകാര്യ മന്ത്രാലയം, നിയമ മന്ത്രാലയം, റിസർവ് ബാങ്ക്, പി.എൻ.ബി എന്നിവരോട് ഹരജിയിയിൽ വിശദീകരണം തേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.