കാലാവധി നീട്ടില്ല; മോദി വിശ്വസ്തൻ അധിയ പടിയിറങ്ങുന്നു
text_fieldsന്യൂഡൽഹി: സാമ്പത്തിക രംഗം കുഴച്ചുമറിച്ച വിവാദ തീരുമാനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനായി പ്രവർത്തിച്ച ധനകാര്യ സെക്രട്ടറി ഹസ്മുഖ് അധിയ വിരമിക്കുന്നു. ഇൗ മാസം 30ന് സർവിസ് കാലാവധി പൂർത്തിയാക്കുന്ന അധിയക്ക് സേവനകാലം നീട്ടി നൽകേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. വിരമിച്ച ശേഷം സർവിസിൽ തുടരാൻ താൽപര്യമില്ലെന്ന അദ്ദേഹത്തിെൻറ നിർബന്ധത്തിന് വഴങ്ങുകയാണെന്ന വിശദീകരണം ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഫേസ്ബുക്ക് പോസ്റ്റിൽ നൽകിയിട്ടുണ്ട്. എന്നാൽ, അധിയ ധനമന്ത്രാലയത്തിെൻറ പടിയിറങ്ങുന്നത് ഉരസലുകൾക്ക് ശേഷമാണ്. ഗുജറാത്ത് കേഡർ െഎ.എ.എസ് ഉദ്യോഗസ്ഥനായ ഹസ്മുഖ് അധിയ, നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോഴാണ് ധനമന്ത്രാലയത്തിൽ ചേക്കേറിയത്. അതുവരെ ഗുജറാത്തിൽ മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും അഡീഷനൽ സെക്രട്ടറിയുമായിരുന്നു. അരുൺ ജെയ്റ്റ്ലിയുടെ ധനമന്ത്രാലയത്തിൽ പ്രധാനമന്ത്രിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി അധിയ മാറി. തുടക്കത്തിൽ റവന്യൂ സെക്രട്ടറിയും പിന്നീട് ധനകാര്യ സെക്രട്ടറിയുമായി.
നോട്ട് അസാധുവാക്കൽ, ജി.എസ്.ടി ധിറുതിപിടിച്ചു നടപ്പാക്കൽ, ആദായനികുതി വല വിപുലപ്പെടുത്തൽ, ആധാർ പദ്ധതി കർക്കശമായി നടപ്പാക്കൽ തുടങ്ങിയ വിവാദ തീരുമാനങ്ങൾക്കു പിന്നിൽ മോദിയുടെ താൽപര്യവും അധിയയുടെ ബുദ്ധിയും ഒന്നിച്ചു പ്രവർത്തിച്ചു. പൊതുമേഖല ബാങ്കുകളിലെ വായ്പ ക്രമക്കേട്, നീരവ് മോദിയുടെ രക്ഷപ്പെടൽ, ആധാർ വിവരങ്ങളുടെ ചോർച്ച എന്നിങ്ങനെയുള്ള വിവാദങ്ങളും അതിനു പിന്നാലെ വന്നു. എൻഫോഴ്സ്മെൻറ് വിഭാഗത്തിലെ രാജേശ്വർ സിങ് നേരത്തേ അധിയക്കെതിരെ പരാതി ഉന്നയിച്ചിരുന്നു.
അധിയയുടെ അപ്രമാദിത്വം ധനമന്ത്രാലയത്തിൽ ഉരസലുകൾ സൃഷ്ടിച്ചു. കാബിനറ്റ് സെക്രട്ടറിയാകണമെന്ന മോഹം ഇതിനിടയിൽ പൊലിഞ്ഞു. നിർണായക സമയത്ത് കൂടുതൽ ദിവസം അവധിയെടുത്താണ് അധിയ അതിനോടു പ്രതികരിച്ചത്. നവംബർ 30നു ശേഷം സർവിസിൽ ഉണ്ടാവില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ബജറ്റ് തയാറാക്കുന്ന പണികൾക്കിടയിൽ ധനകാര്യ സെക്രട്ടറി വിരമിക്കുന്ന സ്ഥിതി വന്നാൽ, കാലാവധി നീട്ടിക്കൊടുക്കുന്നതാണ് പതിവ്. എന്നാൽ, അടുത്ത ബജറ്റിെൻറ പണികൾക്ക് പുതിയ ടീമിനെത്തന്നെ ധനമന്ത്രി കണ്ടെത്തണം. സർക്കാറിെൻറ സാമ്പത്തിക ഉപദേഷ്ടാവ്, ധനകാര്യ സെക്രട്ടറി, റവന്യൂ സെക്രട്ടറി എന്നീ സുപ്രധാന തസ്തികകളിലാണ് ഇപ്പോൾ ആളില്ലാതെ വരുന്നത്.
സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ ആഗസ്റ്റിൽ രാജിവെച്ച് അമേരിക്കയിലേക്ക് പോയത് സർക്കാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ്. ഇനിയും പകരം നിയമനം നടന്നിട്ടില്ല. എക്സ്പെൻറീച്ചർ സെക്രട്ടറി അജയ്നാരായൺ ഝാ ധനകാര്യ സെക്രട്ടറിയും 1985 ബാച്ച് ഗുജറാത്ത് കേഡർ െഎ.എ.എസുകാരൻ ഗിരീഷ് ചന്ദ്ര മുർമു റവന്യൂ സെക്രട്ടറിയുമായി വരുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.