പശുസംരക്ഷണം മുഖ്യ അജണ്ടയായി; തൊഴിലവസരം സൃഷ്ടിക്കുന്നതിൽ മോദി പൂർണ പരാജയം
text_fieldsന്യൂഡൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ മൂന്ന് വർഷം പൂർത്തിയാക്കുേമ്പാൾ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പരാജയം. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വികസനവും അഴിമതി വിമുക്ത ഭാരതവുമായിരുന്നു ബി.ജെ.പിയുടെ മുഖ്യ പ്രചാരണ വിഷയങ്ങൾ. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം മധ്യവർഗ യുവാക്കളെ ബി.ജെ.പിയോട് അടുപ്പിച്ചിരുന്നു. എന്നാൽ അധികാരത്തിലെത്തിയതും ബി.ജെ.പി മുഖ്യ പരിഗണന നൽകിയത് പശുസംരക്ഷണത്തിനും തീവ്ര ഹിന്ദുത്വം നടപ്പിലാക്കുന്നതിനുമാണ്. സാമ്പത്തിക രംഗത്ത് ഏർപ്പെടുത്തിയ പരീക്ഷണങ്ങൾ വിപരീത ഫലം ഉണ്ടാക്കുകയും ചെയ്തു.
നിർമാണ വ്യവസായങ്ങളെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമമാണ് ആദ്യ ഘട്ടത്തിൽ മോദി നടത്തിയത്. മേക്ക് ഇൻ ഇന്ത്യ പരിപാടിയാണ് പ്രധാനമന്ത്രി ഇതിനായി തെരഞ്ഞെടുത്തത്. എന്നാൽ തൊഴിലുകൾ വലിയ രീതിയിൽ സൃഷ്ടിക്കാൻ മേക്ക് ഇൻ ഇന്ത്യക്കും കഴിഞ്ഞില്ല. പിന്നീട് വൻ വ്യവസായങ്ങളിൽ നിന്ന് ചെറുകിട വ്യവസായങ്ങളിലേക്കും സ്റ്റാർട്ട് അപ് സംരഭങ്ങളിലേക്കും മോദി ചുവട് മാറ്റി. ഇതിനായി വ്യവസായ സംരഭകർക്ക് വായ്പ നൽകുന്ന പദ്ധതിയും ആരംഭിച്ചു. എന്നാൽ ഇതൊന്നും രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പര്യാപ്തമായില്ല.
ഇതിനിടിയിൽ മോദിയുടെ വിവിധ നയങ്ങളും രാജ്യത്തെ സാമ്പത്തിക മേഖലക്ക് തിരിച്ചടിയായി. നവംബർ എട്ടിലെ നോട്ട് നിരോധനം രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധി ചില്ലറയല്ല. സാമ്പത്തിക മേഖലയിൽ മുഴുവൻ ഇത് വൻ തിരിച്ചടിയുണ്ടാക്കി. ബാങ്കുകളുടെ ലയനം മേഖലയിലെ തൊഴിൽ ലഭ്യതയെ ബാധിച്ചു. ചുരക്കത്തിൽ പുതുതായി തൊഴിലുകൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്ന് നിലവിലുണ്ടായിരുന്ന തൊഴിലുകൾ ഇല്ലാതാക്കുന്നതിലും മോദിയുടെ സാമ്പത്തിക നയങ്ങൾ കാരണമായി.
കൂടുതൽ തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നതിൽ സംശയമില്ല. 2019ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പായി ഇക്കാര്യത്തിൽ വ്യക്തമായ നയവുമായി മോദി മുന്നോട്ട് പോയില്ലെങ്കിൽ രാജ്യം നേരിടാൻ പോകുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.