തിരിച്ചെത്തിയാൽ മല്യക്ക് വീട് ആർതർ റോഡ് ജയിൽ
text_fieldsന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളിൽനിന്ന് 9000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ ഇന്ത്യയിലെത്തിയാൽ ആർതർ റോഡ് ജയിൽ എന്ന പേരിൽ പ്രസിദ്ധമായ മുംബൈ സെൻട്രൽ ജയിലിൽ അടക്കപ്പെടും. മല്യയെ വിട്ടുകിട്ടാനാവശ്യപ്പെട്ടുള്ള കേസ് വാദിക്കുന്ന ലണ്ടനിലെ ക്രൗൺ പ്രോസിക്യൂഷൻ വിഭാഗം വഴിയാണ് അടുത്തയാഴ്ച ഇക്കാര്യം ഇന്ത്യ ബ്രിട്ടീഷ് കോടതിയെ അറിയിക്കുക.
മല്യയുടെ സുരക്ഷ ഇന്ത്യക്ക് പരമപ്രധാനമാണെന്നും തിരികെ നാട്ടിലെത്തിയാൽ തെൻറ ജീവനു ഭീഷണിയുണ്ടെന്ന ആശങ്ക തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കേസ് പരിഗണിക്കുന്ന ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി മുമ്പാകെ അറിയിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ് കേസിൽ ഇന്ത്യക്ക് വിട്ടുകൊടുത്താൽ മല്യയുടെ ജീവൻ അപകടത്തിലാകുമെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ അദ്ദേഹത്തിെൻറ അഭിഭാഷകൻ വാദിച്ചിരുന്നു. ഇന്ത്യയിലെ ജയിലുകളിൽ മനുഷ്യാവകാശ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മല്യയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇതിന് അടുത്ത ദിവസം ഇന്ത്യ ഒൗദ്യോഗികമായി മറുപടിനൽകും.
നഷ്ടത്തിലായി അടച്ചുപൂട്ടിയ കിങ്ഫിഷർ വിമാനക്കമ്പനിയുടെ പേരിലെടുത്ത 9000 കോടിയാണ് രാജ്യത്തെ വിവിധ ബാങ്കുകളുടെ കൺസോർട്ട്യത്തിന് മല്യ ബാധ്യത വരുത്തിയത്. 2016 മാർച്ചിൽ ബ്രിട്ടനിലേക്ക് മുങ്ങിയ മല്യയെ വിട്ടുകിട്ടാൻ ഇന്ത്യ ആവശ്യപ്പെട്ടതോടെ സ്കോട്ലൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വൈകാതെ ജാമ്യത്തിലിറങ്ങിയ അദ്ദേഹത്തിെൻറ കേസ് കോടതിയിൽ വാദം കേൾക്കൽ തുടരുകയാണ്. ഇന്ത്യക്ക് വിട്ടുനൽകാൻ കോടതി ഉത്തരവിട്ടാൽ രണ്ടുമാസത്തിനകം കൈമാറണം. എന്നാൽ, വിധിക്കെതിരെ അപ്പീൽ നൽകി കൈമാറ്റം നീട്ടിക്കൊണ്ടുപോകാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.