വിശാൽ സിക്ക ഇൻഫോസിസ് സി.ഇ.ഒ സ്ഥാനം രാജിവെച്ചു
text_fieldsബംഗളൂരു: െഎ.ടി രംഗത്ത് ഉലച്ചിലുണ്ടാക്കി, രാജ്യത്തെ രണ്ടാമത്തെ വലിയ സോഫ്റ്റ്വെയർ കമ്പനിയായ ഇൻഫോസിസിെൻറ ചീഫ് എക്സിക്യൂട്ടീവ് ഒാഫിസറും എം.ഡിയുമായ വിശാൽ സിക്ക രാജിവെച്ചു. ഇൻഫോസിസിെൻറ സഹസ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തി നടത്തിവന്ന പരസ്യ ആരോപണങ്ങളിൽ മനംമടുത്താണ് സിക്കയുടെ രാജിയെന്നാണ് റിപ്പോർട്ട്. ‘അടിസ്ഥാനരഹിതവും വിദ്വേഷപൂർണവും നാൾക്കുനാൾ കൂടിവരുന്നതുമായ വ്യക്തിപരമായ അധിക്ഷേപങ്ങൾ’ കേട്ട് പദവിയിൽ തുടരാനാവില്ലെന്ന് വിശാൽ സിക്ക രാജിക്കത്തിൽ എഴുതി. ഇൻഫോസിസ് ചെയർമാൻ ആർ. ശേഷസായിക്കാണ് രാജിക്കത്ത് നൽകിയത്.
ഇൻഫോസിസിെൻറ സ്ഥാപകനല്ലാത്ത ആദ്യ സി.ഇ.ഒയായി മൂന്നു വർഷം മുമ്പാണ് സിക്ക സ്ഥാനമേറ്റത്. പനായ എന്ന കമ്പനിയുടെ ഏറ്റെടുക്കൽ, വിശാൽ സിക്കയുടെ ശമ്പളവർധന, മുൻ ചീഫ് ഫിനാൻഷ്യൽ ഒാഫിസർ രാജീവ് ബൻസാലിന് നൽകിയ വിരമിക്കൽ തുക തുടങ്ങിയ വിഷയങ്ങളിൽ നാരായണ മൂർത്തി തെൻറ അസംതൃപ്തി പല ഘട്ടങ്ങളിലായി പരസ്യമായി അറിയിച്ചിരുന്നു. ഇതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. മൂർത്തിയുടെ തുറന്നുപറച്ചിൽ പൊതുജനമധ്യത്തിൽ കമ്പനിക്ക് അപകീർത്തിയുണ്ടാക്കിയതായി ഇൻഫോസിസ് ബോർഡും വിലയിരുത്തി.
അതേസമയം, സിക്ക ഉടൻ കമ്പനി വിടില്ലെന്നും അടുത്ത മാർച്ച് 31ഒാടെ പുതിയ സി.ഇ.ഒ സ്ഥാനമേൽക്കുന്നതുവരെ കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനായി തുടരുമെന്നും കമ്പനി ബോർഡ് അറിയിച്ചു. നിലവിൽ ഇൻഫോസിസ് ബി.പി.ഒ മേധാവിയായ യു.ബി. പ്രവീൺ റാവുവിനെ ഇടക്കാല സി.ഇ.ഒയും എം.ഡിയുമായി നിയമിക്കുകയും ചെയ്തു. വിശാൽ സിക്കക്ക് റിപ്പോർട്ട് ചെയ്യുന്ന പ്രവീൺ റാവുവിന് കമ്പനിയുടെ മുഴുവൻ ചുമതലയും കൈമാറിയിട്ടുണ്ട്.
കൈവരിച്ച നേട്ടങ്ങളിൽ അഭിമാനമുണ്ടെന്ന് വിശാൽ സിക്ക രാജിക്കത്തിൽ എഴുതി. സിക്കയുടെ രാജി അംഗീകരിച്ച് ഇൻഫോസിസ് ബോർഡ് പുറത്തിറക്കിയ കുറിപ്പിൽ നാരായണ മൂർത്തിയെ പേരാക്ഷമായി കുറ്റപ്പെടുത്തിയതിനൊപ്പം സിക്കയുടെ സേവനങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു.
ഇൻഫോസിസ് ഒാഹരി കൂപ്പുകുത്തി
ഇൻഫോസിസിെൻറ ചീഫ് എക്സിക്യൂട്ടീവ് ഒാഫിസറും എം.ഡിയുമായ വിശാൽ സിക്കയുടെ രാജിവാർത്ത പുറത്തുവന്നേതാടെ ഇൻഫോസിസ് ഒാഹരിവിലയിൽ വൻ ഇടിവുണ്ടായി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഒാഹരിവില 13 ശതമാനം കുറഞ്ഞ് 884.40 വരെയെത്തി. കഴിഞ്ഞ ഒരുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് ഒാഹരികൾ കൂപ്പുകുത്തിയത്. ഇതുമൂലം നിക്ഷേപകർക്ക് 30,000 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. 3.44 ശതമാനം ഒാഹരി കൈവശമുള്ള എൻ.ആർ. നാരായണ മൂർത്തിക്കും കുടുംബത്തിനും മാത്രം 1000 കോടിയുടെ നഷ്ടമുണ്ടായതായും കണക്കാക്കുന്നു. കമ്പനിയുടെ 2.34 ലക്ഷം കോടിയുടെ വിപണിമൂല്യം ഒറ്റദിവസംകൊണ്ട് 2.04 ലക്ഷം കോടിയിലേക്കാണ് ഇടിഞ്ഞത്.
മറുപടി ഉചിതസമയത്ത് –മൂർത്തി
തന്നെ കുറ്റപ്പെടുത്തി വിശാൽ സിക്കയും കമ്പനി ബോർഡും നടത്തിയ പ്രസ്താവനകൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇൻഫോസിസിെൻറ സഹസ്ഥാപകൻ എൻ.ആർ. നാരായണമൂർത്തി രംഗത്തെത്തി. എല്ലാ വിമർശനങ്ങൾക്കും ഉചിത സമയത്ത് മറുപടി പറയുമെന്നും താൻ പണത്തിനും മക്കളുടെ പദവിക്കും അധികാരത്തിനും പിറകെയല്ലെന്നും അദ്ദേഹം പറഞ്ഞു. സിക്ക തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അതിന് മറുപടി പറയാൻമാത്രം താൻ തരംതാഴ്ന്നിട്ടില്ലെന്നും മൂർത്തി കൂട്ടിച്ചേർത്തു. ഇൻഫോസിസിെൻറ ഭരണത്തിലെ മൂല്യത്തകർച്ച തന്നെ നിരന്തരം അലട്ടിയിരുന്നു. കമ്പനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ സത്യസന്ധമായ അന്വേഷണമല്ല നടന്നതെന്നും അേദ്ദഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.