സ്വർണവില 65,000ലേക്കോ; പ്രവചനം ഫലിക്കുമോ?
text_fieldsന്യൂഡൽഹി: റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് സ്വർണവില. സുരക്ഷിത നിക്ഷേപമായി ജനങ്ങൾ സ്വർണത്തെ കാണുന്നതാണ് വില ഉയരാനുള്ള പ്രധാന കാരണം. കോവിഡിലെ അനിശ്ചിതത്വവും യു.എസ്-ചൈന വ്യാപാര യുദ്ധവും വിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നിക്ഷേപകർ പ്രധാനമായും ഉയർത്തുന്ന ചോദ്യം സ്വർണവില എത്രത്തോളം ഉയരുമെന്നും വില വർധനവ് എത്രകാലത്തേക്ക് നീണ്ടു നിൽക്കുമെന്നതാണ്. അടുത്ത ഒരു വർഷത്തിനുള്ളിൽ മഞ്ഞലോഹത്തിന് വൻ വില വർധനയുണ്ടാകുമെന്നാണ് സ്വർണ വ്യാപാരമേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നത്.
അടുത്ത ഒരു വർഷത്തേക്ക് സ്വർണവിലയിൽ കാര്യമായ കുറവുണ്ടാകാനിടയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെയും പ്രവചനം. ഇത് എത്രത്തോളം ഉയരുമെന്നതിനെ സംബന്ധിച്ച് അവർ ഇപ്പോൾ പ്രവചനത്തിന് മുതിരുന്നില്ല. എന്നാൽ, അടുത്ത 12 മാസത്തിനുള്ളിൽ ആഭ്യന്തര വിപണിയിൽ 10 ഗ്രാം സ്വർണത്തിൻെറ വില 65,000 രൂപയെത്തുമെന്നാണ് സ്വർണ വ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന സൗരവ് ഗാഡ്ഗില്ലിൻെറ പ്രവചനം. ആഗോളവിപണിയിൽ സ്വർണവില ഔൺസിന് 2500 ഡോളറായി ഉയരുമെന്നും അദ്ദേഹം പ്രവചിക്കുന്നു.
അതേസമയം,വില ഉയരുേമ്പാഴും സ്വർണാഭരണങ്ങളുടെ വിൽപന കുറയുകയാണ്. 20-25 ശതമാനം വ്യാപാരം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്. കോവിഡിനെ തുടർന്ന് ആളുകൾ ജ്വല്ലറികളിലേക്ക് എത്താൻ മടിക്കുന്നതാണ് വിൽപന കുറയാനുള്ള പ്രധാനകാരണമെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.