ജയിലുകളുടെ മോശം അവസ്ഥ: വിജയ് മല്യയെ വിട്ടുകിട്ടാനുള്ള സാധ്യത മങ്ങുന്നു
text_fieldsമുംബൈ: കിങ്ഫിഷർ എയർലൈൻസിനു വേണ്ടി ബാങ്കുകളിൽനിന്ന് കടമെടുത്ത 9,000 കോടി രൂപ തിരിച്ചടക്കാതെ രാജ്യംവിട്ട വിജയ് മല്യയെ ബ്രിട്ടനിൽനിന്ന് വിട്ടുകിട്ടാൻ സാധ്യത മങ്ങുന്നു. ഇന്ത്യയിലെ ജയിലുകളുടെ മോശം അവസ്ഥയാണ് വില്ലൻ. ഇന്ത്യക്ക് കൈമാറുന്നതിനെതിരെ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ മല്യ ഉയർത്തിയ പ്രധാന വിഷയം ജയിലുകളുടെ മോശം അവസ്ഥയാണ്. ഇൗ വർഷം സി.ബി.െഎ ആവശ്യപ്പെട്ട മറ്റു മൂന്ന് പ്രതികളുടെ കൈമാറ്റം വെസ്റ്റ്മിൻസ്റ്റർ കോടതി തടഞ്ഞിരുന്നു. പ്രതികൾ കുറ്റം ചെയ്തതായി കരുതാൻ തെളിവുകളുണ്ടെന്ന് വിലയിരുത്തിയ കോടതി, ഇന്ത്യൻ ജയിലുകളുടെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് കൈമാറ്റം തടഞ്ഞത്. 2002ലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരത്തെ സ്വാധീനിച്ച വാതുവെപ്പുകാരൻ സഞ്ജീവ് ചാവ്ല, ബാങ്ക് തട്ടിപ്പ് നടത്തിയ ജതീന്ദർ അങ്കുരാല, ഭാര്യ ആശ എന്നിവരുടെ കൈമാറ്റമാണ് കോടതി തടഞ്ഞത്.
സ്കോട്ടിഷ് മനുഷ്യാവകാശ കമീഷൻ അംഗം ഡോ. അലൻ മിഷേലിെൻറ റിപ്പോർട്ടും ജയിലുകൾക്ക് ഉൾക്കൊള്ളാനാകുന്നതിനെക്കാൾ തടവുകാരെ പാർപ്പിക്കുന്നതിൽ ഇന്ത്യൻ സുപ്രീംകോടതി പ്രകടിപ്പിച്ച ആശങ്കയുമാണ് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് അവലംബിച്ചത്. ജയിലുകളിലെ പീഡനം, മനുഷ്യാവകാശ ലംഘനം, അസാധാരണ മരണങ്ങൾ തുടങ്ങിയ യു.എൻ കൺവെൻഷന് വിരുദ്ധമായ സംഭവങ്ങളും കോടതി ചൂണ്ടിക്കാട്ടി.
ഡോ. അലൻ മിഷേലിെൻറ റിപ്പോർട്ട് തന്നെയാണ് മല്യയും തെൻറ കൈമാറ്റം പ്രതിരോധിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ, മുംബൈ ആർതർ റോഡ് ജയിലിലെ അത്യാധുനിക ബാരക്ക് 12ലാണ് മല്യയെ പാർപ്പിക്കുകയെന്നാണ് ഇന്ത്യ അറിയിച്ചത്. 2008ൽ മുംബൈ ഭീകരാക്രമണ കേസ് പ്രതി അജ്മൽ കസബിനെ പാർപ്പിക്കാൻ പ്രത്യേകമായി നിർമിച്ചതാണിത്. ബാരക്കിലെ സൗകര്യങ്ങൾ വിശദീകരിക്കുന്നെങ്കിലും ജയിലിലെ തടവുകാരുടെ എണ്ണം പ്രതികൂലമാണ്. 800 പേരെ മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന ആർതർറോഡ് ജയിലിൽ 2,500ഒാളം തടവുകാരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.