യെസ് ബാങ്ക്: റാണ കപൂറിനെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്തു
text_fieldsമുംബൈ: യെസ് ബാങ്ക് സ്ഥാപകനും മുൻ സി.ഇ.ഒയുമായ റാണ കപൂറിനെ കള്ളപ്പണ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു. റാണയുടെ വർളിയിലെ വസതിയിലും പെൺമക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയ ഇ.ഡി ശനിയാഴ്ച രാവിലെ അദ്ദേഹത്തെ തങ്ങളുടെ ആസ്ഥാനത്ത് കൊണ്ടുവന്ന് ചോദ്യം ചെയ്തു.
റാണ സി.ഇ.ഒ ആയിരിക്കെ സാമ്പത്തിക, റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ഡി.എച്ച്.എഫ്.എല്ലിന് യെസ് ബാങ്ക് വായ്പ നൽകിയിരുന്നു. ഇതിന് പ്രതിഫലമായി ഡി.എച്ച്.എഫ്.എൽ റാണയുടെ ബന്ധുക്കളുടെ പേരിൽ പണം നൽകിയതായാണ് കേസ്. ഇതുമായി ബന്ധപ്പെട്ട രേഖകൾ റെയ്ഡിൽ കണ്ടെത്തിയതായി ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
അധോലോക കുറ്റവാളി ഇഖ്ബാൽ മിർച്ചയും ഡി.എച്ച്.എഫ്.എല്ലും തമ്മിലെ സ്വത്തിടപാട് അന്വേഷിക്കുന്നതിനിടെയാണ് റാണ കപൂറുമായുള്ള ഇടപാട് വെളിപ്പെട്ടത്. തുടർന്ന് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമപ്രകാരം ഇ.ഡി റാണക്കെതിരെ കേസെടുക്കുകയായിരുന്നു. വായ്പ ക്രമക്കേടിനെ തുടർന്ന് പ്രതിസന്ധിയിലായ യെസ് ബാങ്കിന് റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇ.ഡി നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.