കോവിഡ് കാലത്ത് നേട്ടം കൊയ്യുന്ന സ്വർണം
text_fieldsകോവിഡ് കാലം രാജ്യത്തെ സാമ്പത്തിക രംഗത്തെയാകെ അനിശ്ചിതത്വങ്ങളിലേക്കാണ് തള്ളി വിട്ടിരിക്കുന്നത്. കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇനിയും പൂർണമായും പിൻവലിച്ചിട്ടില്ല. അതിനിടെ രോഗവ്യാപനം വീണ്ടും വർധിക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിൻെറ പ്രതിഫലനങ്ങൾ ഓഹരി വിപണിയിലും പ്രകടമാണ്. ചാഞ്ചാടികളിക്കുന്ന സൂചികകൾ നിക്ഷേപകർക്ക് സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല. ഈയൊരു സാഹചര്യത്തിലാണ് സ്വർണം സുരക്ഷിതനിക്ഷേപമായി ഉയർന്ന് വരുന്നത്. ഇതിനുള്ള മികച്ച അവസരമാണ് ആർ.ബി.ഐയുടെ ഗോൾഡ് ബോണ്ടുകൾ.
ആർ.ബി.ഐയുടെ ഏറ്റവും പുതിയ ഗോൾഡ് ബോണ്ട് ഇഷ്യുവിൽ ജൂലൈ 10 വരെ സ്വർണം വാങ്ങാം. ഗ്രാമിന് 4852 രൂപയാണ് ആർ.ബി.ഐ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. ഡിജിറ്റലായി അപേക്ഷിച്ച് ഡിജിറ്റലായി സ്വർണം വാങ്ങുന്നവർക്ക് ഗ്രാമിൽ 50 രൂപയുടെ കുറവുണ്ടാകും.
സ്വർണബോണ്ടിൻെറ മെച്ചങ്ങൾ
എട്ട് വർഷമായിരിക്കും ഗോൾഡ് ബോണ്ടിൻെറ കാലാവധി. അഞ്ച് വർഷം കഴിഞ്ഞാൽ ഇത് വിൽക്കാനുള്ള സൗകര്യവും ലഭിക്കും. ബോണ്ടുകൾക്ക് പ്രതിവർഷം 2.5 ശതമാനം പലിശയും ലഭിക്കും. ഗോൾഡ് ബോണ്ടുകൾ ഓഹരി വിപണികളിലാവും ലിസ്റ്റ് ചെയ്യുക.
കോവിഡ് കാലത്ത് സുരക്ഷിതം സ്വർണം
കോവിഡ് കാലത്ത് ആഗോള ഓഹരി വിപണികളെല്ലാം തകർന്നതോടെയാണ് സ്വർണത്തിലേക്ക് വലിയ രീതിയിൽ നിക്ഷേപമെത്തിയത്. ഇതോടെ റെക്കോർഡുകളെല്ലാം ഭേദിച്ച് സ്വർണവില കുതിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ചിന് ശേഷം ഇതുവരെ 16 ശതമാനം വർധനയാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഡൽഹിയിൽ 43 ശതമാനം വർധനയാണ് സ്വർണത്തിനുണ്ടായത്. 10 ഗ്രാമിൻെറ വില 34,380ൽ നിന്ന് 49,350 രൂപയായാണ് വർധിച്ചത്.
സ്വർണ വില ഇനിയും ഉയരുമോ
സ്വർണ വില ഇനിയും ഉയരാൻ തന്നെയാണ് സാധ്യതയെന്നാണ് പ്രവചനം. ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്ന് ഐ.എം.എഫ് ഉൾപ്പടെയുള്ള സ്ഥാപനങ്ങളും റേറ്റിങ് ഏജൻസികളും പ്രവചിച്ച് കഴിഞ്ഞു. ഇതോടെ വൻകിട നിക്ഷേപകരെല്ലാം സ്വർണത്തിലാണ് അഭയം കണ്ടെത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും സ്വർണത്തിലേക്കുള്ള നിക്ഷേപം വർധിക്കാൻ തന്നെയാണ് സാധ്യത. ഇത് സ്വർണത്തിന് കരുത്താകും.
ഇതിന് പുറമേ ആർ.ബി.ഐ പലിശ നിരക്കുകൾ കുറച്ചതോടെ ബാങ്കുകളിലെ നിക്ഷേപ പലിശനിരക്കുകളും കുറഞ്ഞിട്ടുണ്ട്. 2.7 ശതമാനം മാത്രമാണ് എസ്.ബി.ഐയിലെ സേവിങ്സ് ബാങ്ക് അക്കൗണ്ട് നിക്ഷേപങ്ങൾക്കുള്ള പലിശ. സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി 5.4 ശതമാനം വരെയാണ് പലിശനിരക്ക്. ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ആദായം നൽകുന്ന നിക്ഷേപം സ്വർണമാണ്.
സ്വർണ വില ഇന്ത്യയിൽ ഇടിയുമോ ?
സാമ്പത്തിക രംഗത്തെ അസ്ഥിരത സ്വർണത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. രൂപയുടെ വിനിമയ മൂല്യത്തിലുണ്ടാവുന്ന വ്യതിയാനങ്ങളും ആർ.ബി.ഐയുടെ സ്വർണ വിൽപനയും മാത്രമാവും ഇനി മഞ്ഞലോഹത്തിൻെറ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ.
LATEST VIDEOS
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.