ദേശീയ പെൻഷൻ പദ്ധതിയിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ആലോചന
text_fieldsന്യൂഡൽഹി: നിലവിലെ ദേശീയ പെൻഷൻ പദ്ധതിയിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഏറ്റവും അവസാനത്തെ ശമ്പളത്തിന്റെ 40-45 ശതമാനം പെൻഷൻ ലഭിക്കുന്ന തരത്തിൽ മാറ്റം വരുത്താനാണ് നീക്കം. ജീവനക്കാരുടെ വിഹിതം കൂടി ചേർത്തുള്ള നിലവിലെ പെൻഷൻ പദ്ധതിക്കെതിരെ ഉയർന്ന വ്യാപക പ്രതിഷേധം തണുപ്പിക്കാനാണ് പുതിയ മാറ്റത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
പരിഷ്കരിച്ച പദ്ധതി പ്രകാരം ജീവനക്കാർ വിഹിതം നൽകേണ്ടിവരുമെങ്കിലും എൻ.പി.എസിനെക്കാൾ ഉയർന്ന പെൻഷൻ ലഭ്യമാകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. നിലവിലെ ദേശീയ പെൻഷൻ പദ്ധതി പ്രകാരം ജീവനക്കാർ അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 10 ശതമാനവും സർക്കാർ 14 ശതമാനവും നൽകണം.
അതേസമയം, പഴയ പെൻഷൻ പദ്ധതി പ്രകാരം വിഹിതം അടക്കാതെ തന്നെ ജീവനക്കാരന്റെ അവസാന ശമ്പളത്തിന്‍റെ 50 ശതമാനം പെൻഷനായി നൽകിയിരുന്നു. ഇതിൽ മാറ്റം വരുത്തിയാണ് പുതിയ പെൻഷൻ പദ്ധതി കേന്ദ്ര സർക്കാർ നടപ്പാക്കിയിരുന്നത്.
2004ൽ അവതരിപ്പിച്ച പെൻഷൻ സമ്പ്രദായം പുനഃപരിശോധിക്കാനായി കേന്ദ്രം ഏപ്രിലിൽ ഒരു സമിതിയെ നിയോഗിച്ചിരുന്നു. പഴയ പെൻഷൻ സ്കീമിലേക്ക് മാറിയ ചില സംസ്ഥാനങ്ങളെ തൃപ്തിപ്പെടുത്താനായി മോദി സർക്കാർ പുതിയ പെൻഷൻ പദ്ധതിയെ നിലവിലെ വിപണിയുമായി ബന്ധപ്പെടുത്താനും നീക്കമുണ്ട്.
കോൺഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളും പഴയ പെൻഷൻ പദ്ധതി പുനരാരംഭിച്ചിട്ടുണ്ട്. രാജസ്ഥാൻ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളാണ് പഴയ പെൻഷൻ സമ്പ്രദായത്തിലേക്ക് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.