ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ സമ്മേളനത്തിന് തുടക്കമായി
text_fieldsമനാമ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ബഹ്റൈൻ ചാപ്റ്റർ 14ാം വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി.വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ രക്ഷാകർതൃത്വത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, വ്യവസായ വാണിജ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ദുവാഅൽമുഅല്ലിം, ശൂറ കൗൺസിൽ അംഗവും കെ.പി.എം.ജി ബഹ്റൈൻ മാനേജിങ് പാർട്ണറുമായ ജമാൽ ഫക്രൂ, ബഹ്റൈൻ അക്കൗണ്ട്സ് അസോസിയേഷൻ ചെയർമാൻ അബ്ബാസ് അലി രാധി എന്നിവർ സന്നിഹിതരായിരുന്നു.
2025ഓടെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥ, 2027ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യവുമായി അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് ആഹ്വാനംചെയ്ത് ഇന്ത്യൻ ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നടത്തിയ വെർച്വൽ പ്രഭാഷണത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
നൂറുകണക്കിന് പുതിയ നഗരങ്ങളുടെ വികസനം, ചെറു നഗരങ്ങളിലെ ജീവിതരീതിയിലെ മാറ്റം, വർധിച്ചുവരുന്ന ഇ-കോമേഴ്സ് വിതരണ ശൃംഖലകൾ എന്നിവക്കൊപ്പം ഇന്ത്യയുടെ മൊത്തത്തിലുള്ള അടിസ്ഥാന സൗകര്യ വികസന ചെലവ് 2021-26 കാലയളവിൽ 11.4 ശതമാനം വളരുമെന്ന് കണക്കാക്കപ്പെടുന്നു. ജലവിതരണം, ഗതാഗതം, നഗര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ വൻതോതിലുള്ള നിക്ഷേപമാണ് ഇതിൽ മുഖ്യ പങ്ക് വഹിക്കുകയെന്നും നിതിൻ ഗഡ്കരി പറഞ്ഞു. സംഘടനയുടെ പ്രവർത്തനത്തെ അംബാസഡർ ശ്രീവാസ്തവ അഭിനന്ദിച്ചു. അടുത്തിടെ ഇന്ത്യയിൽ നടന്ന ഐ.സി.എ.ഐ കോൺഫറൻസിൽ സീനിയർ ബഹ്റൈനി അക്കൗണ്ടന്റുമാരുടെ ഒരു പ്രതിനിധി സംഘം പങ്കെടുത്ത കാര്യവും അദ്ദേഹം അനുസ്മരിച്ചു.
എല്ലാ ചാർട്ടേഡ് അക്കൗണ്ടന്റുമാരും സാങ്കേതികരംഗത്തെ പുത്തൻ മാറ്റങ്ങൾ അറിഞ്ഞിരിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യകതയായി മാറിയതായി ജമാൽ ഫക്രൂ പറഞ്ഞു. അക്കൗണ്ടൻസിയുടെ മുഴുവൻ പ്രക്രിയയിലും സാങ്കേതികവിദ്യ വളരെ ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്നതായും അക്കൗണ്ടിങ്ങിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രവണതകൾ അടുത്തറിയാൻ അക്കൗണ്ടന്റുമാർ നിർബന്ധിതരാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത ടി.വി നടിയും ക്ലാസിക്കൽ നർത്തകിയും മോട്ടിവേഷനൽ സ്പീക്കറുമായ സുധ ചന്ദ്രന്റെ നൃത്താവിഷ്കാരം പരിപാടിയുടെ മാറ്റുകൂട്ടി. സമ്മേളനം ശനിയാഴ്ച സമാപിക്കും.ഐ.സി.എ.ഐ പ്രസിഡന്റ് ഡോ. ദേബാശിഷ് മിത്ര, വൈസ് പ്രസിഡന്റ് അനികേത് തലതി, ഐ.എം.എഫ് മുൻ ഉപദേഷ്ടാവും ആർ.ബി.ഐ മുൻ ചീഫ് ഇക്കണോമിസ്റ്റുമായ ഡോ. നരേന്ദ്ര ജാദവ്, ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ജെറ്റ് ചാർട്ടർ സേവന ദാതാക്കളായ ജെറ്റ്സെറ്റ്ഗോ സി.ഇ.ഒ കനിക തെക്രിവാൾ എന്നിവർ പ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.