മൊത്തവ്യാപാര രംഗത്തും ഇ-കൊമേഴ്സ് യുദ്ധം; വാൾമാർട്ട് ഇന്ത്യയെ മൊത്തമായി വാങ്ങി ഫ്ലിപ്കാർട്ട്
text_fieldsമുംബൈ: രാജ്യത്തെ ഇ-കൊമേഴ്സ് രംഗത്തെ പ്രമുഖരായ ഫ്ലിപ്കാർട്ട്, വാള്‍മാര്‍ട്ട് ഇന്ത്യ ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും സ്വന്തമാക്കി. മൊത്തവ്യാപാരം ലക്ഷ്യമിട്ട് അടുത്ത മാസം തന്നെ ‘ഫ്ലിപ്കാർട്ട് ഹോൾസെയിൽ എന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമും ഇന്ത്യയിൽ അവർ ലോഞ്ച് ചെയ്യും. രാജ്യത്ത് 28 ന്യായവില മൊത്തവ്യാപാര സ്റ്റോറുകളും രണ്ട് സംഭരണകേന്ദ്രങ്ങളും നിലവിൽ വാൾമാർട്ട് ഇന്ത്യക്കുണ്ട്. ഇത് വിപുലീകരിച്ച് ഇൗ രംഗത്ത് ബദ്ധവൈരികളായ ആമസോണിനും പുതിയ താരമായ ജിയോ മാർട്ടിനും വെല്ലുവിളിയേകാനാണ് ഫ്ലിപ്കാർട്ടിെൻറ ശ്രമം.
അമേരിക്കയിലെ പ്രമുഖ മൾട്ടി നാഷണൽ റീടെയിൽ കോർപറേഷനായ വാൾമാർട്ടിെൻറ നേതൃത്വത്തിലുള്ള നിക്ഷേപ ഗ്രൂപ്പിൽ നിന്ന് 1.2 ബില്യൺ ഡോളർ ഫണ്ട് സ്വരൂപിച്ചതായി ഫ്ലിപ്കാർട്ട് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. നേരത്തെ 16 ബില്യൺ ഡോളറിന് ഫ്ലിപ്കാർട്ടിെൻറ 77 ശതമാനം ഒാഹരി വാൾമാർട്ട് സ്വന്തമാക്കിയിരുന്നു. റിലയൻസ് ജിയോയുടെ കീഴിലുള്ള ജിയോ മാർട്ട് രാജ്യത്ത് ഒാൺലൈൻ ഗ്രോസറി, ഹോം കെയർ മാർക്കറ്റിൽ തരംഗം സൃഷ്ടിക്കാൻ തുടങ്ങിയതാണ് ഫ്ലിപ്കാർട്ടിനെ പുതിയ നീക്കത്തിന് പ്രേരിപ്പിച്ചത് എന്ന് വേണം കരുതാൻ.
രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ചെറുകടകളെ പങ്കാളികളാക്കിക്കൊണ്ടുള്ള ഒാൺലൈൻ പലചരക്ക് വിപണി ലക്ഷ്യമിട്ടാണ് അംബാനിയുടെ ജിയോയും അമേരിക്കൻ റീടെയിൽ ഭീമനും രംഗത്തിറങ്ങിയിരിക്കുന്നത്. ഇതിൽ ജിയോ വാട്സ്ആപ്പ് ഫേസ്ബുക്ക് എന്നിവരുമായും സഹകരിച്ചാണ് ജിയോ മാർട്ടിലൂടെയുള്ള വിൽപ്പന ഉദ്ദേശിക്കുന്നത്. ഫാഷൻ, ഹോം കെയർ തുടങ്ങിയവക്കായി പ്രത്യേക വിഭാഗങ്ങളും ഇരു കമ്പനികളും വാഗ്ദാനം ചെയ്യുന്നുണ്ട്.
ഫ്ലിപ്കാർട്ട് സീനിയർ വൈസ് പ്രസിഡൻറായ ആദർശ് മേനോനും വാൾമാർട്ട് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവായ സമീർ അഗർവാളുമായിരിക്കും ഫ്ലിപ്കാർട്ട് ഹോൾസെയിലിനെ നയിക്കുക. ഇന്ത്യയിലെ ബിസിന്സ് ടു ബിസ്നസ് (B2B) വിഭാഗത്തിനായുള്ള ഏറ്റവും മികച്ച ഒാൺലൈൻ വിപണന കേന്ദ്രമായിരിക്കും ഫ്ലിപ്കാർട്ട് ഹോൾസെയിൽ എന്ന് ആദർശ് മോഹൻ പറഞ്ഞു. ലക്ഷക്കണക്കിന് ചെറു ഷോപ്പുകളെയും എം എസ് എം ഇ യൂണിറ്റുകളെയും ശൃംഖലയുടെ ഭാഗമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാള്‍മാര്‍ട്ടിനെ ഏറ്റെടുക്കുന്നതിലൂടെ ഭക്ഷ്യ-പലചരക്ക് മേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും വിതരണശൃംഖല ശക്തിപ്പെടുത്താനും ഫ്ളിപ്കാര്‍ട്ടിന് സാധിക്കുമെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കല്യാണ്‍ കൃഷ്ണന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.