ഗള്‍ഫ് തൊഴില്‍ സ്വപ്നങ്ങള്‍ക്ക് നിറംപകര്‍ന്ന് എണ്ണവില
text_fieldsഗള്‍ഫ് തൊഴില്‍ സ്വപ്നംകണ്ട് നടന്നിരുന്ന മലയാളി യുവാക്കള്‍ രണ്ടു വര്‍ഷമായി നിരാശരായിരുന്നു. എണ്ണ വിലയിടിവ് കാരണം ഗള്‍ഫിലെ വികസനപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതോടെ പുതിയ തൊഴിലവസരങ്ങള്‍ കുറഞ്ഞെന്ന് മാത്രമല്ല, നിലവില്‍ ജോലി ചെയ്യുന്ന പലരുടെയും കാര്യം പരുങ്ങലിലാവുകയും ചെയ്തു. രണ്ടു വര്‍ഷത്തോളം തുടര്‍ച്ചയായി എണ്ണവില ഇടിഞ്ഞതിനെ തുടര്‍ന്ന് തൊഴില്‍രംഗത്ത് അസ്ഥിരത വളരുകയും ചെയ്തിരുന്നു. എണ്ണ വിലയിടിവ് തുടര്‍ച്ചയായപ്പോള്‍ കഴിഞ്ഞ നവംബറില്‍ ഉല്‍പാദക രാജ്യങ്ങളുടെ പൊതുവേദിയായ ‘ഒപെക്’ നിര്‍ണായക തീരുമാനമെടുത്തു; എണ്ണയുല്‍പാദനത്തില്‍ കുറവ് വരുത്തുക.
എണ്ണയുല്‍പാദനം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് എണ്ണ വില ഉയരാന്‍ തുടങ്ങി. അതോടെ, ഗള്‍ഫ് രാജ്യങ്ങളിലെ നിര്‍മാണരംഗം വീണ്ടും സജീവമാവുകയാണ്. ജോബ് പോര്‍ട്ടലായ ‘ഗള്‍ഫ് ടാലന്‍റ്.കോം’ വിവിധ ജി.സി.സി രാജ്യങ്ങളിലെ തൊഴില്‍ദായകര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ‘2017’ പുതിയ തൊഴിലവസരങ്ങളുടേതാണ് എന്നാണ് കണ്ടത്തെിയത്. തൊഴില്‍ വെട്ടിക്കുറക്കല്‍ പ്രവണതയില്‍ ഗണ്യമായ കുറവ് വന്നതായും സര്‍വേ വ്യക്തമാക്കുന്നു. ജി.സി.സി ആസ്ഥാനമായ കമ്പനികളുടെ ഉന്നത മാനേജ്മെന്‍റ് വക്താക്കളില്‍നിന്നാണ് അഭിപ്രായ ശേഖരണം നടത്തിയതെന്ന് ഗള്‍ഫ് ടാലന്‍റ് വിശദീകരിക്കുന്നു.
എണ്ണ വിലയിടിവിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളിലായി പല കമ്പനികളും 40 ശതമാനംവരെ തസ്തിക വെട്ടിക്കുറച്ചിരുന്നു.
എന്നാല്‍, പുതിയ വര്‍ഷത്തില്‍ വെട്ടിക്കുറക്കല്‍ പ്രവണത 20 ശതമാനംവരെ കുറയുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 47 ശതമാനം കമ്പനികള്‍ പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. സര്‍വേയില്‍ പങ്കെടുത്ത യു.എ.ഇ കമ്പനികളില്‍ 15 ശതമാനം മാത്രമാണ് ഈ വര്‍ഷവും തസ്തികകള്‍ വെട്ടിക്കുറക്കേണ്ടിവരുമെന്ന് പ്രതികരിച്ചത്. സൗദിയില്‍നിന്ന് പങ്കെടുത്ത കമ്പനികളില്‍ പലതും തൊഴില്‍ വെട്ടിക്കുറക്കുന്നതിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും മുഖ്യ ആശ്രയം എണ്ണ വരുമാനം എന്ന നയത്തില്‍നിന്നുള്ള വ്യതിയാനം കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതായി സര്‍വേ വ്യക്തമാക്കുന്നു. വരുമാന വൈവിധ്യം കൂടുതല്‍ തൊഴില്‍സാധ്യത സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
പ്രതീക്ഷയോടെ നിര്‍മാണമേഖല
നിര്‍മാണമേഖലയിലാണ് ഏറെ പ്രതീക്ഷ. എണ്ണ വില വര്‍ധന പൊതുമേഖലയില്‍ അടിസ്ഥാനസൗകര്യ വികസനരംഗത്ത് ഏറെ മുതല്‍മുടക്കിന് കാരണമാകുമെന്ന പ്രതീക്ഷയിലാണ് കമ്പനികള്‍. നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന 58 ശതമാനം കമ്പനികളും വളര്‍ച്ചാ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്. എണ്ണ വിലയിലെ അസ്ഥിരത കാരണം വരുമാനവൈവിധ്യവത്കരണത്തിനാണ് ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമിക്കുന്നത്. ഇത് വിവിധ മേഖലകളില്‍ വന്‍ നിക്ഷേപം വരുന്നതിന് കാരണമാകുമെന്നും നിര്‍മാണമേഖലയില്‍ വീണ്ടും ഉണര്‍വുണ്ടാകുമെന്നുമാണ് പ്രതീക്ഷ. നിര്‍മാണമേഖലയിലെ പുരോഗതിയുടെ ഫലമായി ഭക്ഷ്യവസ്തു വിതരണരംഗം, റീട്ടെയില്‍ രംഗം തുടങ്ങിയവയിലും അനുകൂലന ചലനങ്ങളുണ്ടാകും.
ആരോഗ്യമേഖലയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ബാങ്കുകളും പ്രതീക്ഷയിലാണ്. ഈ വര്‍ഷം വളര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനം ബാങ്കുകളും. 2016ല്‍ 38 ശതമാനം ബാങ്കുകള്‍ തസ്തിക കുറച്ചിരുന്നുവെങ്കില്‍ ഈ വര്‍ഷം എട്ട് ശതമാനം ബാങ്കുകള്‍ മാത്രമാണ് ഈ ദിശയില്‍ ആലോചി ക്കുന്നത്. മാത്രമല്ല, എണ്ണവിലയിടിവ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞവര്‍ഷം തിരിച്ചടക്കാത്ത വായ്പകളുടെ എണ്ണം വര്‍ധിച്ചിരുന്നു. ഈ വര്‍ഷം ഇത്തരം വായ്പകളുടെ തിരിച്ചടവുണ്ടാകുമെന്നും പ്രതീക്ഷയുണ്ട്. 77 ശതമാനം എണ്ണക്കമ്പനികളും വളര്‍ച്ചാ പ്രതീക്ഷയിലാണ്.
അതേസമയം, ചെലവ് ചുരുക്കല്‍ പ്രവണത നിലനില്‍ക്കുന്നുണ്ട്. പല രംഗത്തും അത്യാവശ്യത്തിന് തസ്തികകള്‍ മാത്രമാണ് നിലനിര്‍ത്താന്‍ കമ്പനികള്‍ ആഗ്രഹിക്കുന്നത്. അതത് മേഖലകളില്‍ വൈദഗ്ധ്യമുള്ളവരെ നിയമിക്കാനും അതുവഴി അനാവശ്യ തൊഴില്‍ ശക്തി കുറക്കാനുമുള്ള ശ്രമത്തിലാണ് ചില പ്രമുഖ കമ്പനികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.