അദാനി കമ്പനി ഉപദേഷ്ടാവ് പരിസ്ഥിതി മന്ത്രാലയം പാനലിൽ; നടപടിയെ വിമർശിച്ച് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ ഉപദേഷ്ടാവിനെ പരിസ്ഥിതി മന്ത്രാലയത്തിന്റെ പാനലിൽ ഉൾപ്പെടുത്തിയ നടപടി വിവാദമാകുന്നു. താൽപര്യങ്ങളുടെ ഏറ്റുമുട്ടലെന്ന് പ്രതിപക്ഷ പാർട്ടികൾ നടപടിയെ വിമർശിച്ചു.
ജലവൈദ്യുതി, നദീതട സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി സെപ്റ്റംബറിൽ പുനഃസംഘടിപ്പിച്ചപ്പോഴാണ് ഏഴംഗ സമിതിയിൽ അദാനി കമ്പനി ഉപദേഷ്ടാവ് ജനാർദൻ ചൗധരിയും ഉൾപ്പെട്ടത്. ഒക്ടോബർ 17, 18 തീയതികളിൽ ചേർന്ന സമിതിയുടെ ആദ്യ യോഗത്തിൽ പരിഗണനക്ക് വന്ന വിഷയങ്ങളിലൊന്ന് അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ മഹാരാഷ്ട്രയിലെ 1500 മെഗാവാട്ടിന്റെ തരാലി പമ്പിങ് സ്റ്റോറേജ് പദ്ധതിയാണ്. അതേസമയം, പദ്ധതിയെക്കുറിച്ച് ചർച്ച നടന്നപ്പോൾ താൻ വിട്ടുനിന്നതായാണ് ചൗധരി പറഞ്ഞത്. ഉപദേശകനാണെങ്കിലും കമ്പനിയുടെ പേറോളിൽ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജലവൈദ്യുതി രംഗത്തെ പ്രമുഖ പൊതുമേഖല സ്ഥാപനമായ എൻ.എച്ച്.പി.സിയിൽ 36 വർഷം സേവനമനുഷ്ഠിച്ച ചൗധരി 2020ൽ ടെക്നിക്കൽ ഡയറക്ടറായാണ് വിരമിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ അദാനി കമ്പനിയിൽ ഉപദേഷ്ടാവായി ചേർന്നു. പരിസ്ഥിതി മന്ത്രാലയത്തിന്റെ പാനലിലേക്ക് നിയമിക്കുന്നതിനുമുമ്പ് കമ്പനിയുമായുള്ള ബന്ധം മന്ത്രാലയത്തെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
വിവിധ പദ്ധതി നിർദേശങ്ങളെക്കുറിച്ച് പഠിച്ച് പരിസ്ഥിതി മന്ത്രാലയത്തിന് ഉപദേശം നൽകുകയാണ് വിദഗ്ധ സമിതിയുടെ കടമ. ഈ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അനുമതി നൽകണോയെന്ന് തീരുമാനിക്കുന്നത്.
താൽപര്യങ്ങളുടെ ഏറ്റുമുട്ടൽ എന്ന കാര്യം ഇവിടെ പറയുകപോലും ചെയ്യരുതെന്ന് ശിവസേന നേതാവും രാജ്യസഭ അംഗവുമായ പ്രിയങ്ക ചതുർവേദി പ്രതികരിച്ചു. പ്രത്യേക ആനുകൂല്യങ്ങളുള്ള സുഹൃത്തുക്കളുടെ കാര്യത്തിലല്ല മറ്റുള്ളവരുടെ കാര്യത്തിലാണ് അത് ബാധകമാവുകയെന്നും അവർ എക്സിൽ കുറിച്ചു. ആറ് അദാനി പദ്ധതികളാണ് സമിതിയുടെ പരിഗണനക്ക് വരാനിരിക്കുന്നതെന്ന് കേരള കോൺഗ്രസും എക്സിൽ ചൂണ്ടിക്കാട്ടി. ലോക്സഭയിൽനിന്ന് പുറത്താക്കൽ ഭീഷണി നേരിടുന്ന തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയും നടപടിയെ വിമർശിച്ച് രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.