ഡ്രോൺ ഉൽപാദനം തുടങ്ങാൻ അംബാനിയും അദാനിയും
text_fieldsന്യൂഡൽഹി: രാജ്യത്തെ ഡ്രോൺ വ്യവസായത്തിലും ഒരു കൈ നോക്കാനൊരുങ്ങി പ്രമുഖ വ്യവസായികളായ മുകേഷ് അംബാനിയും ഗൗതം അദാനിയും. ഇന്ത്യയിൽ ഡ്രോൺ ഉൽപാദനത്തിനൊരുങ്ങുന്ന സ്ഥാപനങ്ങളിൽ ഇരുവരുടേയും കമ്പനികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോയുടെ സഹസ്ഥാപനമായ അസ്ട്രിയ എയ്റോസ്പേസാണ് ഡ്രോൺ നിർമ്മാണത്തിന് ഒരുങ്ങുന്നത്. അദാനി ഡിഫൻസും ഇതിനുള്ള ഒരുക്കത്തിലാണ്.
ഇതിന് പുറമേ ഐഡിയഫോർജ് ടെക്നോളജി, ഡൈനാമാറ്റി ടെക്നോളജീസ് എന്നീ സ്ഥാപനങ്ങൾക്കും ഡ്രോൺ നിർമ്മിക്കാൻ പദ്ധതിയുണ്ട്. ഡ്രോൺ നിർമ്മാണത്തിന് കേന്ദ്രസർക്കാർ കൂടുതൽ ഇളവുകൾ അനുവദിച്ചതോടെയാണ് ഇവർ പുതിയ വ്യവസായത്തിലേക്ക് ചുവടുവെക്കുന്നത്. ഡ്രോൺ നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കളിൽ 70 ശതമാനവും ഇന്ത്യയിൽ ലഭ്യമാണ്. ഡ്രോണുകൾ രാജ്യത്ത് നിർമ്മിക്കുകയോ അല്ലെങ്കിൽ അസംബിൾ ചെയ്യുകയോ ചെയ്യും.
ഡ്രോൺ നിർമാണമേഖലയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു ബില്യൺ ഡോളറിെൻറ നിക്ഷേപമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് ഐഡിഫോർജ് സി.ഇ.ഒ അങ്കിത് മേത്ത പറഞ്ഞു. പ്രതിരോധം, അടിസ്ഥാനസൗകര്യ വികസനം, വിതരണം, ആരോഗ്യം, കാർഷികരംഗം തുടങ്ങി നിരവധി മേഖലകളിൽ ഡ്രോൺ വ്യാപകമായി ഉപയോഗിക്കുമെന്നാണ് വ്യവസായ സംഘടനയായ ഫിക്കിയുടെ പ്രതീക്ഷ. ഇത് മുതലാക്കാൻ ലക്ഷ്യമിട്ട് തന്നെയാണ് അംബാനിയും അദാനിയും കളത്തിലിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.