ഏറ്റെടുക്കൽ പൂർത്തിയായി, എൻ.ഡി ടി.വി അദാനിക്ക് സ്വന്തം
text_fieldsന്യൂഡൽഹി: എൻ.ഡി ടി.വി സ്ഥാപകരായ പ്രണോയ് റോയിയുടെയും ഭാര്യ രാധിക റോയിയുടെയും കൈവശമുള്ള 27.26 ശതമാനം ഓഹരികൂടി അദാനി ഗ്രൂപ് വെള്ളിയാഴ്ച ഏറ്റെടുത്തു. ഇതോടെ എൻ.ഡി ടി.വി ഏറ്റെടുക്കൽ ഡിസംബർ 30ന് പൂർത്തിയായി. മാധ്യമമേഖലയിലും കോടീശ്വരനായ ഗൗതം അദാനി ചുവടുറപ്പിച്ചു.
സെക്യൂരിറ്റി എക്സ്ചേഞ്ചിന് അദാനി എന്റർപ്രൈസസ് വെള്ളിയാഴ്ച നല്കിയ വിവരപ്രകാരം ഓഹരിയൊന്നിന് 342.65 രൂപക്കായിരുന്നു ഇടപാട്. ഡിസംബര്‍ അഞ്ചിന് അവസാനിച്ച ഓപണ്‍ ഓഫറില്‍ വാഗ്ദാനം ചെയ്ത വിലയേക്കാളും 17 ശതമാനം ഉയര്‍ന്ന വിലക്കാണ് ഇരുവരും അദാനിക്ക് ഓഹരികള്‍ കൈമാറിയത്.
കമ്പനിയുടെ പരോക്ഷ ഉപസ്ഥാപനവും എൻ.ഡി ടി.വിയുടെ പ്രമോട്ടറുമായ ആർ.ആർ.പി.ആർ ഹോൾഡിങ്ങ്സാണ് ഓഹരി സ്വന്തമാക്കിയത്. ഇതോടെ എൻ.ഡി ടി.വിയുടെ 64.76 ശതമാനം ഓഹരികളും അദാനിയുടെ കൈവശമായി. നിലവിൽ എൻ.ഡി ടി.വിയുടെ ചെയർപേഴ്സനായ പ്രണോയ് റോയിയുടെയും എക്സിക്യൂട്ടിവ് ഡയറക്ടറായ രാധിക റോയിയുടെയും കൈവശം ഇനിയുള്ളത് അഞ്ചു ശതമാനം ഓഹരിയാണ്. ഡിസംബർ 23ന് ഇരുവരും തങ്ങളുടെ ശേഷിക്കുന്ന 32.26 ശതമാനം ഓഹരികളിൽ 27.26 ശതമാനം അദാനി ഗ്രൂപ്പിന് വിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞയാഴ്ച എൻ.ഡി ടി.വി ബോർഡിൽ അദാനിയുടെ രണ്ട് നോമിനി ഡയറക്ടർമാരായ സഞ്ജയ് പുഗാലിയ, സെന്തിൽ സിന്നയ്യ ചെങ്കൽവരയൻ എന്നിവരെ നിയമിച്ചിരുന്നു.
രാധിക റോയിയും പ്രണോയ് റോയിയും ചേര്‍ന്ന് രൂപവത്കരിച്ച നിക്ഷേപക കമ്പനിയായ ആര്.ആര്.പി.ആര് 2009ല്‍ വിശ്വപ്രധാന്‍ കമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് 403.85 കോടി രൂപ വായ്പയെടുത്തിരുന്നു. ആര്.ആര്.പി.ആറിലെ 99.5 ശതമാനം ഓഹരിയായിരുന്നു ഈടായി നല്‍കിയത്. ആര്.ആര്.പി.ആറിന് എന്‍.ഡി ടി.വിയില്‍ 29.18 ശതമാനം ഓഹരിയാണ് ഉണ്ടായിരുന്നത്.
മുകേഷ് അംബാനിയുടെ റിലയന്‍സുമായി ബന്ധമുണ്ടായിരുന്ന വിശ്വപ്രധാന്‍ കമേഴ്സിനെ ഗൗതം അദാനി ഏറ്റെടുത്തു. ഇതിനിടെ, കടം തിരിച്ചടക്കാനുള്ള സമയപരിധി കഴിഞ്ഞു. ഇതോടെ ആഗസ്റ്റില്‍ ആര്.ആര്.പി.ആറിന്റെ നിയന്ത്രണം അദാനി സ്വന്തമാക്കുകയും എന്‍.ഡി ടി.വിയുടെ 29.18 ശതമാനം ഓഹരികള്‍ കൈകളിലെത്തുകയും ചെയ്തു. പിന്നാലെ, ഓപണ്‍ ഓഫര്‍ വഴി 8.32 ശതമാനം ഓഹരി കൂടി സ്വന്തമായതോടെ പങ്കാളിത്തം 37.50 ശതമാനമായി. ഇതിന് പിന്നാലെ റോയ് ദമ്പതികളുടെ ഓഹരി കൂടി സ്വന്തമാക്കിയതിലൂടെ നിയന്ത്രണം പൂർണമായി അദാനിയുടെ കൈകളിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.