സിമന്റ് വ്യവസായത്തിലേക്കും അദാനിയെത്തുന്നു; ഇന്ത്യയിലെ പ്രമുഖ കമ്പനികളെ വാങ്ങും
text_fieldsമുംബൈ: ഇന്ത്യയിലെ സിമന്റ് വ്യവസായത്തിലേക്കും ചുവടുവെക്കാനൊരുങ്ങി ഗൗതം അദാനി. ഇതിനായി സ്വിറ്റ്സർലാൻഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹോൽസിമുമായി അദാനി ഗ്രൂപ്പ് ചർച്ചയാരംഭിച്ചു. ഇന്ത്യയിലെ പ്രമുഖ സിമന്റ് കമ്പനികളായ എ.സി.സി, അംബുജ സിമന്റ് എന്നിവയിൽ ഹോൽസിമിന് ഓഹരി പങ്കാളിത്തമുണ്ട്. ഈ ഓഹരികൾ വാങ്ങാനാണ് അദാനി ഗ്രൂപ്പ് നീക്കം നടത്തുന്നത്.
എ.സി.സിക്കും അംബുജ സിമന്റിനും കൂടി ഇന്ത്യയിൽ 20 നിർമ്മാണശാലകളുണ്ട്. ഇരു കമ്പനികളും പ്രതിവർഷം 64 ടൺ സിമന്റ് ഉൽപാദിപ്പിക്കുന്നുണ്ട്. ആദിത്യ ബിർള ഗ്രൂപ്പിന്റെ അൾട്രാടെകാണ് 117 മില്യൺ ടണ്ണോടെ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത്. അംബുജക്കും എ.സി.സിക്കും കൂടി 1.20 ലക്ഷം കോടി വിപണിമൂലധനമുണ്ട്. അതേസമയം, ഹോൽസിമുമായുള്ള ഇടപാടിന് അൾട്രാടെകും താൽപര്യം പ്രകടിപ്പിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. എന്നാൽ വാർത്ത ആദിത്യബിർള വക്താവ് നിഷേധിച്ചു.
അംബുജ സിമന്റിൽ ഹോൽസിമിന് 63 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. എ.സി.സിക്ക് 55 ശതമാനം ഓഹരി പങ്കാളിത്തവുമുണ്ട്. ഇത് വാങ്ങാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. 17 വർഷങ്ങൾക്ക് മുമ്പാണ് ഹോൽസിം ഇന്ത്യയിലേക്ക് ചുവടുവെച്ചത്. എന്നാൽ, കോവിഡിന് ശേഷം പല രാജ്യങ്ങളിലേയും ബിസിനസ് വിൽക്കാനുള്ള ശ്രമത്തിലാണ് ഹോൽസിം. സാംബിയ, മലാവി, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ ബിസിനസ് അവർ ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.