ട്രംപിന്‍റെ വിജയം; അദാനി അമേരിക്കയിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു, 15,000 തൊഴിലവസരങ്ങൾ
text_fieldsന്യൂഡൽഹി: ഡോണൾഡ് ട്രംപ് വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനുപിന്നാലെ അമേരിക്കയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഗൗതം അദാനി. ഊർജ, അടിസ്ഥാന സൗകര്യ പദ്ധതികളിൽ 10 ബില്യൺ ഡോളറാണ് അദാനി ഗ്രൂപ്പ് നിക്ഷേപിക്കാൻ പദ്ധതിയിടുന്നതെന്ന് ചെയർമാൻ ഗൗതം അദാനി എക്‌സിൽ പ്രഖ്യാപിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ അദ്ദേഹം അഭിനന്ദിച്ചു.
ട്രംപിന് അഭിനന്ദനങ്ങൾ. ഇന്ത്യയും യു.എസും തമ്മിലെ ബന്ധം ആഴത്തിലുള്ളതനുസരിച്ച്, അദാനി ഗ്രൂപ്പ് അതിന്‍റെ ആഗോള വൈദഗ്ധ്യം പ്രയോജനപ്പെടുത്താനും 15,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് യു.എസ് ഊർജ്ജ സുരക്ഷയിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും 10 ബില്യൺ ഡോളർ നിക്ഷേപിക്കാൻ പ്രതിജ്ഞാബദ്ധമാണ് -എക്സിൽ ചെയർമാൻ ഗൗതം അദാനി കുറിച്ചു. എന്നാൽ, എപ്പോൾ നിക്ഷേപിക്കുമെന്നതടക്കം കൂടുതൽ വിശദാംശങ്ങളൊന്നും ഗൗതം അദാനി നൽകിയിട്ടില്ല.
റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം, ഏതാനും വർഷങ്ങളിൽ 10 ജിഗാവാട്ട് വിദേശ ജലവൈദ്യുത പദ്ധതികൾ സ്ഥാപിക്കാനുള്ള അദാനി ഗ്രൂപ്പിന്‍റെ പദ്ധതികൾക്കിടയിലാണ് ഇത്. നേപ്പാൾ, ഭൂട്ടാൻ, കെനിയ, ടാൻസാനിയ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നിവിടങ്ങളിൽ ഇത്തരം പദ്ധതികൾ നിർമ്മിക്കാൻ ഗ്രൂപ്പ് പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.
തൊഴിലിനും ഊർജ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ആരോപിച്ച് പ്രസിഡൻറ് ജോ ബൈഡന്‍റെ പല നയങ്ങളും അവസാനിപ്പിക്കാൻ യു.എസ് എണ്ണ, വാതക വ്യവസായ ഗ്രൂപ്പായ അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ട് ഡഓണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ കൂടിയാണ് അദാനിയുടെ പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.