അദാനി കരാർ ലംഘിച്ചുവെന്ന് ബംഗ്ലാദേശ് സർക്കാർ
text_fieldsന്യൂഡൽഹി: വ്യവസായ ഭീമൻ ഗൗതം അദാനി കരാർ ലംഘിച്ചുവെന്ന ആരോപണവുമായി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. അദാനി പവറാണ് കരാർ ലംഘനം നടത്തിയത്. പവർ പ്ലാന്റിന് നൽകിയ നികുതി ഇളവിന്റെ ആനുകൂല്യം കൈമാറിയില്ലെന്നാണ് ബംഗ്ലാദേശിന്റെ ആരോപണം.
കിഴക്കൻ ഇന്ത്യയിലെ പവർ പ്ലാന്റിൽ നിന്നും ബംഗ്ലാദേശിന് വൈദ്യുതി നൽകാനുള്ള കരാറിൽ 2017ലാണ് അദാനി ഗ്രൂപ്പ് ഒപ്പിട്ടത്. അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുമായിട്ടായിരുന്നു കരാർ ഒപ്പിട്ടത്. എന്നാൽ, കരാറിൽ പുനഃപരിശോധന നടത്തുമെന്നാണ് ഇപ്പോൾ ബംഗ്ലാദേശ് സർക്കാർ പറയുന്നത്.
കരാർ പ്രകാരം അദാനിക്ക് നികുതി ഇളവുകൾ നൽകിയിരുന്നു. എന്നാൽ, ഇക്കാര്യം അദാനി ഗ്രൂപ്പ് അറിയിക്കുകയോ അതിന്റെ ആനുകൂല്യം നൽകുകയോ ചെയ്തിട്ടില്ലെന്ന് ബംഗ്ലാദേശ് ആരോപിക്കുന്നു. നികുതി ഇളവ് നൽകിയതിലൂടെ 28.6 മില്യൺ ഡോളറിന്റെ ലാഭമാണ് അദാനികമ്പനിക്ക് ഉണ്ടായതെന്നാണ് ബംഗ്ലാദേശ് പവർ ഡെവലപ്മെന്റ് ബോർഡ് വ്യക്തമാക്കി.
നിലവിൽ ആവശ്യത്തിനുളള വൈദ്യുതി ബംഗ്ലാദേശിൽ നിന്ന് തന്നെ ലഭിക്കുമെന്ന് ഊർജമന്ത്രി മുഹമ്മദ് ഫൗസൽ കബീർ ഖാൻ പറഞ്ഞു. കൃത്യമായ ടെൻഡർ വ്യവസ്ഥകൾ ഇല്ലാതെയാണ് അദാനിക്ക് വൈദ്യുതി കരാർ നൽകിയതെന്നും റിപ്പോർട്ടുണ്ട്. നേരത്തെ നൽകുന്ന വൈദ്യുതിക്കുള്ള പണം നൽകുന്നതിൽ ബംഗ്ലാദേശ് സർക്കാർ വീഴ്ച വരുത്തിയെന്ന് അദാനി ആരോപിച്ചിരുന്നു.
സെപ്തംബർ അധികാരത്തിലെത്തിയതിന് ശേഷം ശൈഖ് ഹസീന ഒപ്പിട്ട വൈദ്യുതി കരാറുകൾ സംബന്ധിച്ച് പുനഃപരിശോധന നടത്താൻ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഒരു സമിതിയെ വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദാനി കമ്പനിക്കെതിരായി കൂടുതൽ അഴിമതി ആരോപണങ്ങൾ വരുന്നത്. എന്നാൽ, ആരോപണങ്ങൾ എല്ലാം ഗൗതം അദാനി നിഷേധിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.