ആഴ്ചയിൽ അഞ്ചുദിവസം ഓഫിസിലെത്തണം; ജീവനക്കാർക്ക് നിർദേശം നൽകി ആമസോൺ
text_fieldsസാൻ ഫ്രാൻസിസ്കോ: അടുത്ത വർഷം ജനുവരി മുതൽ ആഴ്ചയിൽ അഞ്ചുദിവസം ഓഫിസിൽ നേരിട്ടെത്തി ജോലി ചെയ്യണമെന്ന് ജീവനക്കാർക്ക് നിർദേശം നൽകി ആമസോൺ. ചീഫ് എക്സിക്യൂട്ടീവ് ആൻഡി ജാസി ആണ് ഇതുസംബന്ധിച്ച് ജീവനക്കാർക്ക് സന്ദേശം അയച്ചത്. നിലവിൽ ആഴ്ചയിൽ മൂന്നുദിവസം മാത്രം ആമസോൺ ജീവനക്കാർ ഓഫിസിലെത്തിയാൽ മതി.
കഴിഞ്ഞ അഞ്ചുവർഷത്തെ കാര്യങ്ങൾ വിലയിരുത്തുമ്പോൾ, ഓഫിസിൽ ഒരുമിച്ചിരിക്കുന്നതിന്റെ ഗുണങ്ങൾ പ്രാധാന്യമർഹിക്കുന്നതായി മനസിലാക്കുന്നുവെന്നാണ് ജാസി കുറിപ്പിൽ സൂചിപ്പിച്ചത്.
കോവിഡിന് തുടങ്ങിയ വർക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് വിവിധ കോർപറേറ്റ് കമ്പനികൾ. അതിൽ ഏറ്റവും ആദ്യം വർക് ഫ്രം ഹോം അവസാനിപ്പിക്കാനൊരുങ്ങുന്നത് ആമസോൺ ആണ്. എസ്.എ.പി, എ.ടി. ആൻഡ് ടി, ഡെൽ തുടങ്ങിയ കമ്പനികളും ജീവനക്കാരുടെ വർക് ഫ്രം ഹോം അവസാനിപ്പിക്കാനൊരുങ്ങുകയാണ്. അതേസമയം, കമ്പനികളുടെ തീരുമാനത്തിൽ ചില ജീവനക്കാർ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
വർക് ഫ്രം ഹോം പൂർണമായി അവസാനിപ്പിക്കാനാണ് തീരുമാനമെങ്കിൽ രാജിവെക്കുമെന്നാണ് അവർ അറിയിച്ചത്. കോവിഡിന്റെ കാലത്ത് ടെക് കമ്പനികളാണ് ജീവനക്കാരുടെ സൗകര്യവും സുരക്ഷയും കണക്കിലെടുത്ത് ഏറ്റവും ആദ്യം വർക് ഫ്രം ഹോം സമ്പ്രദായം നടപ്പാക്കിയത്. നാലുവർഷം കഴിഞ്ഞതോടെ അതിൽ പല കമ്പനികളും പതിയെ ജീവനക്കാരെ ഓഫിസിലേക്ക് കൊണ്ടുവന്നു തുടങ്ങി.
അതേസമയം, വീട്ടിൽ രോഗികളായ കുട്ടികളുള്ളവർക്കും ഏകാന്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യൽ ആവശ്യമായ ജീവനക്കാരോടും വിട്ടുവീഴ്ച ചെയ്യാനാണ് ആമസോണിന്റെ തീരുമാനം. ആഴ്ചയിൽ രണ്ടുദിവസം ഇവർക്ക് വർക് ഫ്രം ഹോം അനുവദിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.