കർഷക പ്രക്ഷോഭത്തിന്‍റെ ചൂടറിഞ്ഞ് അംബാനി; കൂട്ടത്തോടെ അടച്ചുപൂട്ടി റിലയൻസ് സ്ഥാപനങ്ങൾ
text_fieldsന്യൂഡൽഹി: കർഷക പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ് റിലയൻസും. ബഹിഷ്കരണം മൂലം ഡൽഹിയിലും പരിസരപ്രദേശങ്ങളിലും റിലയൻസ് സ്ഥാപനങ്ങൾക്ക് കൂട്ടത്തോടെ പൂട്ടുവീഴുന്നു. മലയാളി മാധ്യമപ്രവർത്തകൻ രാജീവ് മേനോനാണ് റിലയൻസിന്‍റെ സ്ഥാപനങ്ങൾക്ക് പൂട്ടുവീഴുന്ന വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
കുറിപ്പിന്‍റെ പൂർണരൂപം
ഡൽഹി– ലുധിയാന ഹൈവേയിലൂടെ പോകുമ്പോൾ കർഷക സമര വേദിയിൽ നിന്ന് തിരിച്ചു പോകുന്ന ബാച്ചുകളെയും അവിടേക്കു വരുന്ന ബാച്ചുകളെയും കാണാം. ചെറുപ്പക്കാരും പ്രായേമേറിയവരുമൊക്കെയുണ്ട് ട്രാക്ടറുകൾ വലിച്ചു കൊണ്ടുപോകുന്ന ട്രോളികളിൽ.
ഫാസ്ടാഗ് നിർബന്ധമാക്കിയിട്ടും ടോളുകളിൽ തിരക്കില്ല. കാരണം ഹരിയാനയിലെയും പഞ്ചാബിലെയും ഒരു ടോൾ ബൂത്തുകളിലും ഇപ്പോൾ ടോളില്ല. വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ടോൾ കൊടുക്കാതെ പോകുന്നു. കർഷകർ ഒഴിപ്പിച്ച ടോൾ ബൂത്തുകളാണ് എല്ലാം. രാജസ്ഥാനിലും അതുപോലെയാകുന്നുവെന്നു കേൾക്കുന്നു.
മറ്റൊരു കൗതുകം കണ്ടത് റിലയൻസ് പെട്രോൾ പമ്പുകളിൽ ആളില്ല എന്നതാണ്. നൈട്രജനും എയറും ഫ്രീയാണ്, ദേശത്തിന്റെ പമ്പാണ് എന്നൊക്കെ അഭ്യർഥിക്കുന്ന വലിയ ബോർഡുകളും ചെറിയ ബോർഡുകളും ധാരാളമുണ്ട്.
റിലയൻസ് ഫ്രഷ്, റിലയൻസ് ട്രെൻഡ്സ്, മിനി മാർക്കറ്റുകളൊക്കെ അടഞ്ഞു കിടക്കുന്നു. കർഷകരുടെ ബഹിഷ്കരണാഹ്വാനം സ്വീകരിച്ച് ഒരാളും ആ വഴിക്കു പോകാതായപ്പോൾ പൂട്ടിയതാണെന്നറിഞ്ഞു. അവിടുള്ളവരുടെ തൊഴിലൊക്കെ എന്തായോ എന്തോ?
വാഹനങ്ങളിൽ എല്ലാം കർഷക പതാകകളും മുദ്രാവാക്യങ്ങളും. ധാബകളിൽ കർഷകപതാകയുള്ള ട്രാക്ടറുകളും ജീപ്പുകളും നിർത്തിയിട്ടു സെൽഫി സ്പോട്ടുകളുമുണ്ട്.
ഡൽഹി– ലുധിയാന ഹൈവേയിലൂടെ പോകുമ്പോൾ കർഷക സമര വേദിയിൽ നിന്ന് തിരിച്ചു പോകുന്ന ബാച്ചുകളെയും അവിടേക്കു വരുന്ന ബാച്ചുകളെയും...
Posted by Rajeev Menon on Wednesday, 17 February 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.