ആപ്പിളിനെ തളർത്താൻ കോവിഡിനുമായില്ല; വിപണി മൂല്യം രണ്ട് ട്രില്യൺ ഡോളറിലെത്തുന്ന ആദ്യ അമേരിക്കൻ കമ്പനി
text_fieldsന്യൂയോർക്ക്: വിപണി മൂല്യം രണ്ട് ട്രില്യൺ ഡോളറിലെത്തുന്ന ആദ്യത്തെ അമേരിക്കൻ കമ്പനിയായി മാറി ആപ്പിൾ. 2020ൽ ആപ്പിളിെൻറ ഷെയറുകൾക്ക് 60 ശതമാനം വളർച്ച ലഭിച്ചതോടെയാണ് കമ്പനി മികച്ച നേട്ടമുണ്ടാക്കിയത്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം ആപ്പിളിെൻറ ഓഹരി വില 468.65 ഡോളറാണ്. അതോടെ വിപണി മൂലധനം രണ്ട് ട്രില്യൺ മറികടക്കുകയായിരുന്നു. കമ്പനിക്ക് എല്ലാ കാറ്റഗറികളിലും വരുമാന വർധനവുണ്ടായി. കോവിഡ് കാലത്തും ലോകമെമ്പാടും ആപ്പിൾ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ വർധിച്ചതോടെയാണ് കമ്പനി വലിയ നേട്ടത്തിലേക്ക് കുതിച്ചത്.
ആമസോൺ, മൈക്രോസോഫ്റ്റ്, തുടങ്ങിയ കമ്പനികളാണ് ഒാഹരി മൂല്യത്തിൽ ആപ്പിളിന് പിന്നിലുള്ളത്. കോവിഡ് പ്രതിസന്ധി സൃഷ്‌ടിച്ച അപ്രതീക്ഷിത തിരിച്ചടിയിൽ നിന്നും എങ്ങനെയെങ്കിലും കരകയറാൻ ചില വമ്പൻ കമ്പനികൾ പെടാപ്പാട് പെടുന്നതിനിടെയാണ് ആപ്പിളിെൻറ പുതിയ റെക്കോർഡ് എന്നതും ശ്രദ്ദേയമാണ്. കമ്പനിയുടെ വിപണി മൂല്യം രണ്ട് വർഷം മുമ്പാണ് ഒരു ട്രില്യൺ ഡോളറിൽ എത്തിയത്.
സൗദി അറേബ്യയുടെ ദേശീയ ഒായിൽ കമ്പനിയായ സൗദി അരാംകോയാണ് ഇതിന് മുമ്പ് (2019 ഡിസംബറിൽ) രണ്ട് ട്രില്യൺ ഡോളറിെൻറ വിപണി മൂല്യം സ്വന്തമാക്കിയത്. എണ്ണ വിലയിലുണ്ടയ ഏറ്റക്കുറച്ചിൽ കമ്പനിയെ ബാധിച്ചതിനെ തുടർന്ന് ഓഹരികളിൽ ഇടിവുണ്ടായതോടെ നിലവിൽ 1.82 ട്രില്യൺ ഡോളറിെൻറ വിപണി മൂല്യമാണ് സൗദി അരാംകോക്ക് ഉള്ളത്.
കോവിഡ് പ്രതിസന്ധിമൂലം ചൈനയിൽ പ്രവർത്തിച്ചിരുന്ന ഫാക്‌ടറികളും ആപ്പിൾ സ്റ്റോറുകളും കമ്പനി വ്യാപകമായി അടച്ചു പൂട്ടിയിരുന്നു. പിന്നാലെ റീട്ടെയിൽ വിൽപ്പനയും ചരിത്രത്തിലെ ഏറ്റവും താഴ്‌ന്ന നിലയിലെത്തി. എന്നാൽ, ഇതൊന്നും ആപ്പിളിെൻറ ഓഹരി വിപണിയെ ബാധിച്ചില്ല. ലോകത്തെ ജനങ്ങൾ ആപ്പിളിെൻറ ഉത്പന്നങ്ങളിൽ പുലർത്തുന്ന വിശ്വാസമാണ് ഇതിനൊക്കെ കാരണമെന്നും കമ്പനി അവകാശപ്പെടുന്നു.
കോവിഡ് പ്രതിസന്ധിയിൽ റീടെയിൽ മാർക്കറ്റിൽ തിരിച്ചടി നേരിെട്ടങ്കിലും ഐഫോണുകളടക്കമുള്ള കമ്പനിയുടെ മറ്റ് പ്രമുഖ ഉത്‌പന്നങ്ങളെല്ലാം ഓൺലൈനിലൂടെ വലിയ രീതിയിൽ വിറ്റഴിച്ചതായി ആപ്പിൾ പറയുന്നു. ലോക്ഡൗൺ കർക്കശമാക്കിയ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ഒാൺലൈൻ വിൽപ്പനയിലൂടെ മികച്ച വരുമാനമാണ് നേടിയതെന്നും ആപ്പിൾ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.