ഇന്ത്യയിലേക്കുളള ലാപ്ടോപ്പ്, ടാബ്ലെറ്റ് ഇറക്കുമതി നിർത്തിവെച്ച് സാംസങ്ങും ആപ്പിളും
text_fieldsന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള ലാപ്ടോപ്പ്, ടാബ്ലെറ്റ് ഇറക്കുമതി നിർത്തിവെച്ച് ആപ്പിൾ, സാംസങ്, എച്ച്.പി കമ്പനികൾ. കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് കമ്പനികളുടെ നടപടി. ലൈസൻസില്ലാതെയുള്ള ഇറക്കുമതിക്കാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്.
ഇറക്കുമതിക്കുള്ള ലൈസൻസ് നേടാനാണ് ഇപ്പോൾ വൻകിട ടെക് കമ്പനികൾ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്. എത്രയും പെട്ടെന്ന് ലൈസൻസ് നേടി ദീപാവലിക്ക് മുമ്പ് ഇറക്കുമതി സാധാരണനിലയിലാക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. ആപ്പിളിനും സാംസങ്ങിനും ലൈസൻസ് ലഭിക്കാൻ എത്രകാലമെടുക്കുമെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
അതേസമയം, വാർത്തകളിൽ പ്രതികരിക്കാൻ സാംസങ്ങോ ആപ്പിളോ ഇതുവരെ തയാറായിട്ടില്ല. ഇറക്കുമതി നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ പല ഉൽപന്നങ്ങളുടെയും പുറത്തിറക്കൽ കമ്പനികൾ വൈകിപ്പിക്കുമെന്നാണ് സൂചന. വിദേശകമ്പനികളുടെ ലാപ്ടോപ്പിനും ടാബ്ലെറ്റിനും ഇന്ത്യയിൽ ക്ഷാമമുണ്ടാകാനും സാധ്യതയുണ്ട്. ഇപ്പോഴും രാജ്യം ലാപ്ടോപ്പിനായി കൂടുതൽ ഇറക്കുമതിയേയാണ് ആശ്രയിക്കുന്നത്.
ലാപ്ടോപ്, ടാബ്ലെറ്റ്, ഓൾ-ഇൻ-വൺ പേഴ്സനൽ കമ്പ്യൂട്ടർ, അൾട്രാ സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടർ, സെർവർ എന്നിവയുടെ ഇറക്കുമതിക്കാണ് നേരത്തെ കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ആഭ്യന്തര ഉൽപാദനം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.