ബി.എസ്.എൻ.എൽ 4ജി ആകാൻ ഇനിയും വേണം ഒന്നര വർഷം; കഴിഞ്ഞവർഷം കൊഴിഞ്ഞുപോയത് 77 ലക്ഷം ഉപഭോക്താക്കൾ
text_fieldsതൃശൂർ: കേന്ദ്രസർക്കാർ പുതിയ പുനരുദ്ധാരണ പാക്കേജുകൾ പ്രഖ്യാപിക്കുമ്പോഴും ബി.എസ്.എൻ.എൽ 4 ജി യാഥാർഥ്യമാകാൻ ഒന്നര വർഷമെടുക്കും. സ്വകാര്യ ടെലികോം കമ്പനികളായ എയർടെല്ലും റിലയൻസ് ജിയോയും 5 ജിയുമായി മുന്നോട്ടുപോകുമ്പോഴാണ് ബി.എസ്.എല്ലിന്‍റെ കാര്യത്തിൽ ഈ മെല്ലെപ്പോക്ക്. കമ്പനിയെ ഗുരുതരാവസ്ഥയിലെത്തിക്കാൻ ഇടവരുത്തുന്നതാണിതെന്ന് യൂനിയനുകളുടെയും അസോസിയേഷനുകളുടെയും കൂട്ടായ്മ സംസ്ഥാന ഗവർണർമാർക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ബി.എസ്.എൻ.എൽ പുനരുദ്ധാരണത്തിന് അടിയന്തര ഇടപെടലിന് അഭ്യർഥിച്ചാണ് നിവേദനം നൽകിയത്.
അതിവേഗ ഡേറ്റ ലഭിക്കാത്തതിനാൽ 2022ൽ മാത്രം 77 ലക്ഷം ഉപഭോക്താക്കൾ ബി.എസ്.എൻ.എല്ലിനെ ഉപേക്ഷിച്ചെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. അതിനുശേഷവും കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ബി.എസ്.എൻ.എല്ലിൽ 4 ജി നടപ്പാക്കുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാറും കമ്പനി മാനേജ്മെന്റും പറയുന്നുണ്ടെങ്കിലും യാഥാർഥ്യമതല്ലെന്നും ഇതേ മാനേജ്മെന്റാണ് 4 ജി നടപ്പാവാൻ ഇനിയും 18 മാസം വേണമെന്ന് പറയുന്നതെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രസർക്കാർ സൃഷ്ടിച്ച തടസ്സം മാത്രമാണ് ബി.എസ്.എൻ.എല്ലിന് 4ജി ലഭിക്കാത്തതിന് പിന്നിൽ. 2019 ഒക്ടോബറിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിലെ പ്രധാന ഇനം 4 ജി സ്പെക്ട്രമായിരുന്നു. 2020 ഏപ്രിലോടെ രാജ്യത്തിന്‍റെ പല ഭാഗത്തുള്ള 49,300 ടവറുകൾ (ബേസ് ട്രാൻസീവർ സ്റ്റേഷൻ) കുറഞ്ഞ ചെലവിൽ നവീകരിച്ച് 4 ജിയിലേക്ക് ഉയർത്താമായിരുന്നു. ഇതിന് കേന്ദ്രം അനുമതി നൽകിയില്ല. 2020 മാർച്ചിൽ ബി.എസ്.എൻ.എൽ ഒരു ലക്ഷം ബി.ടി.എസ് വാങ്ങാൻ ടെൻഡർ ക്ഷണിച്ചെങ്കിലും നോക്കിയ, എറിക്സൺ, സാംസങ് തുടങ്ങി അന്താരാഷ്ട്ര കമ്പനികളിൽനിന്ന് ആഗോള ടെൻഡറിലൂടെ ഉപകരണങ്ങൾ വാങ്ങുന്നത് ടെലികോം മന്ത്രാലയം തടഞ്ഞു. ‘ആത്മനിർഭർ ഭാരതി’ൽ ഉൾപ്പെടുത്തി ഇന്ത്യൻ കമ്പനികളിൽനിന്ന് വാങ്ങണമെന്നായിരുന്നു നിർദേശം. ഇതാണ് ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.