വഴിവിട്ട ഡിസ്കൗണ്ട് നൽകിയ കേസിൽ ഫ്ലിപ്കാർട്ടിനും ആമസോണിനും തിരിച്ചടി; അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി തള്ളി
text_fieldsബംഗളൂരു: കോംപറ്റീഷൻ കമ്മീഷൻ ഒാഫ് ഇന്ത്യ(സി.സി.െഎ)യുടെ അന്വേഷണ ഉത്തരവിനെതിരെ ഇ-കോമേഴ്സ് ഭീമന്മാരായ ആമസോണും ഫ്ലിപ്കാർട്ടും നൽകിയ ഹരജി കർണാടക ഹൈക്കോടതിയിലെ ഡിവിഷൻ ബെഞ്ചും തള്ളി. ജസ്റ്റിസ് പി.എസ്. ദിനേശ് കുമാർ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ജൂൺ 11ന് ഹരജി തള്ളിയതിനെ ചോദ്യം ചെയ്ത് ഇ-കോമേഴ്സ് കമ്പനികൾ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
സ്മാർട്ട്ഫോൺ നിർമാതാക്കളുമായി ആമസോൺ കരാറിലേർപ്പെട്ടതിെൻറ വിശദാംശം അവർ സമർപ്പിച്ച റിട്ട് ഹരജിയിൽത്തന്നെയുണ്ടെന്നും ഇത് ചില വിൽപനക്കാരുമായുള്ള ധാരണയാണ് വെളിപ്പെടുത്തുന്നതെന്നും സി.സി.െഎക്കുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ മാധവി ദിവാൻ വാദിച്ചു. ഒളിച്ചുവെക്കാനൊന്നുമില്ലെങ്കിൽ പിന്നെ അന്വേഷണത്തെ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആമസോണും ഫ്ലിപ്കാർട്ടും ഒാൺലൈൻ പ്ലാറ്റ്ഫോമിൽ ചില വിൽപനക്കാർക്ക് മാത്രം പ്രത്യേക പരിഗണനയും വൻ ഡിസ്കൗണ്ടും നൽകുന്നതായും ഇത് മറ്റു പല കച്ചവടക്കാരെയും ദോഷകരമായി ബാധിച്ചെന്നും ചൂണ്ടിക്കാട്ടി ഡൽഹിയിലെ െചറുകിട- ഇടത്തരം വ്യാപാരികളുടെ കൂട്ടായ്മയായ ഡൽഹി വ്യാപാർ മഹാസംഘ് (ഡി.വി.എം) പരാതിയുമായി 2019 ഒക്ടോബറിൽ കോംപറ്റീഷൻ കമ്മീഷനെ സമീപിച്ചിരുന്നു. സ്മാർട്ട്ഫോൺ വിൽപനയുമായി ബന്ധപ്പെട്ടാണ് പ്രധാനമായും പരാതിയുയർന്നത്.
വൻകിടക്കാർ ഒാഫറുകളും ഡിസ്കൗണ്ടുകളും നൽകി വിപണി പിടിക്കുകയാെണന്നും ചെറുകിടക്കാരെ പുറംതള്ളാനുള്ള അജണ്ട ഇതിന് പിന്നിലുണ്ടെന്നും നിരീക്ഷിച്ച കോംപറ്റീഷൻ കമ്മീഷൻ, വ്യാപാരികളുടെ പരാതിയിൽ കഴിഞ്ഞ വർഷം ജനുവരി 13ന് ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതോടെ കമ്പനികൾ കർണാടക ഹൈക്കോടതിയെ സമീപിച്ചു. ഇൗ ഹരജിയിൽ കഴിഞ്ഞവർഷം ഫെബ്രുവരി 14ന് ഹൈക്കോടതി താൽക്കാലിക സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചു.
സി.സി.െഎ സുപ്രീംകോടതിയെ സമീപിെച്ചങ്കിലും കഴിഞ്ഞ ഒക്ടോബറിൽ ഹരജി മടക്കിയ പരമോന്നത കോടതി, ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചു. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻറ് ആക്ട് (ഫെമ) ലംഘനത്തിെൻറ പേരിൽ ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം നടക്കുന്നുണ്ട്. സമാന്തര അന്വേഷണം സി.സി.െഎയുടെ ഡയറക്ടർ ജനറലിനും നടത്താമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.