ടാറ്റ സൺസുമായി തർക്കം; സാമ്പത്തികക്കുരുക്കിലായി മിസ്ത്രി കുടുംബം
text_fieldsമുംബൈ: പല്ലോൻജി മിസ്ത്രി, മകൻ സൈറസ് മിസ്ത്രി എന്നിവരുടെ വിയോഗത്തിനു പിന്നാലെ സാമ്പത്തികക്കുരുക്കിലായി രാജ്യത്തെ മുൻനിര കോർപറേറ്റ് കമ്പനികളിൽ ഒന്നായ ഷാപുർജി പല്ലോൻജി ഗ്രൂപ്.
ടാറ്റ സൺസുമായുള്ള തർക്കത്തിൽ കമ്പനിയുടെ 29 ബില്യൺ ഡോളറാണ് ഒന്നും ചെയ്യാനാകാതെ മരവിച്ചുകിടക്കുന്നത്. മുമ്പ് ടാറ്റ സൺസിനെ സഹായിക്കാനായി അവരുടെ 18 ശതമാനം ഓഹരിയാണ് ഷാപുർജി പല്ലോൻജി ഗ്രൂപ് എടുത്തത്. ഇതോടെ ടാറ്റ സൺസിൽ ടാറ്റ കുടുംബമല്ലാത്ത പ്രധാന നിക്ഷേപകരായി മിസ്ത്രി കുടുംബത്തിന്റെ കമ്പനി. പിന്നീട് സൈറസ് മിസ്ത്രി ടാറ്റ സൺസിന്റെ നായകനുമായി. രത്തൻ ടാറ്റ തന്റെ പിൻഗാമിയായി സൈറസിനെ നിയോഗിക്കുകയായിരുന്നു. സൈറസിന്റെ പ്രവർത്തനശൈലി അതൃപ്തിയുണ്ടാക്കിയതോടെ അദ്ദേഹത്തെ പദവിയിൽനിന്നു പുറത്താക്കി.
ഇതോടെ മിസ്ത്രി കുടുംബവും ടാറ്റയും തമ്മിൽ അകന്നു. ടാറ്റയിലെ തങ്ങളുടെ ഓഹരി മറ്റ് കോർപറേറ്റ് കമ്പനികൾക്ക് വിൽക്കാൻ മിസ്ത്രി കുടുംബം ശ്രമിച്ചെങ്കിലും ടാറ്റ അനുവദിച്ചില്ല. ടാറ്റ കുടുംബത്തിനു പുറത്ത് ഓഹരി നൽകുന്നതിനെ എതിർത്തു. കോടതിയും ടാറ്റക്ക് അനുകൂലമായതോടെ മിസ്ത്രി കുടുംബ കമ്പനിയുടെ പ്രതിസന്ധി വർധിച്ചു. തങ്ങൾ പറയുന്ന വിലക്ക് ഓഹരി തിരിച്ചുനൽകണമെന്നാണ് ടാറ്റയുടെ നിലപാട്. ഇതോടെ, അഞ്ചു തലമുറകളിലൂടെ 157 വർഷം കൊണ്ട് പടർന്നുപന്തലിച്ച കെട്ടിടനിർമാണ കമ്പനിയായ ഷാപുർജി പല്ലോൻജി ഗ്രൂപ് സാമ്പത്തിക പ്രതിസന്ധിയിലുമായി. കോടതിക്കു പുറത്ത് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് നിലവിൽ കമ്പനിയുടെ ചുമതല വഹിക്കുന്ന ഷാപുർ മിസ്ത്രി.
ടാറ്റയിലുള്ള ഓഹരിയിൽ അഞ്ചു ശതമാനമെങ്കിലും വിൽക്കാനായാൽ പരിഹരിക്കപ്പെടാവുന്ന പ്രതിസന്ധിയേ നിലവിൽ ഉള്ളൂവെന്നാണ് അവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. മൂന്നു മാസത്തിനിടെ പിതാവ് പല്ലോൻജി മിസ്ത്രി, ഇളയ സഹോദരൻ സൈറസ് മിസ്ത്രി എന്നിവരെ നഷ്ടപ്പെട്ട ഷാപുർജി മിസ്ത്രിയെ കമ്പനിയുടെ പ്രതിസന്ധി തുറിച്ചു നോക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.