കാലിഫോർണിയയുടെ ട്രാൻസ്ജെൻഡർ നയത്തിൽ പ്രതിഷേധിച്ച് കമ്പനികളുടെ ആസ്ഥാനം മാറ്റി മസ്ക്
text_fieldsവാഷിങ്ടൺ: കാലിഫോർണിയയുടെ പുതിയ ട്രാൻസ്ജെൻഡർ നയത്തിൽ പ്രതിഷേധിച്ച് കമ്പനികളുടെ ആസ്ഥാനം മാറ്റാനൊരുങ്ങി ഇലോൺ മസ്ക്. സ്പേസ് എക്സ്, എക്സ് തുടങ്ങിയ കമ്പനികളുടെ ആസ്ഥാനം മാറ്റാനാണ് മസ്ക് ഒരുങ്ങുന്നത്. കുട്ടികൾ ലിംഗമാറ്റം നടത്തിയാൽ അക്കാര്യം രക്ഷിതാക്കളെ അധ്യാപകർ അറിയിക്കണമെന്ന ചില സ്കൂളുകളുടെ നയത്തിനെതിരായാണ് കാലിഫോർണയ നിയമനിർമാണം നടത്തിയത്. ഇതിൽ പ്രതിഷേധിച്ചാണ് മസ്കിന്റെ നീക്കം.
കമ്പനികളുടെ ആസ്ഥാനം കാലിഫോർണിയയിൽ നിന്നും ടെക്സാസിലേക്ക് മാറ്റുമെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കുട്ടികൾ ലിംഗമാറ്റം നടത്തിയാൽ അധ്യാപകരെ അക്കാര്യം രക്ഷിതാക്കളിൽ നിന്നും അറിയിക്കുന്നത് തടയുന്ന നിയമത്തിൽ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യുസോം ഒപ്പുവെച്ചത്. ഇതിന് പിന്നാലെ കമ്പനിയുടെ ആസ്ഥാനം മാറ്റുകയാണെന്ന അറിയിപ്പുമായി മസ്ക് രംഗത്തെത്തി. പുതിയ നിയമം മൂലം നിരവധി കുടുംബങ്ങളും കമ്പനികളും കാലിഫോർണിയ വിടുമെന്ന് മസ്ക് ആരോപിച്ചു.
ട്രാൻസ്ജെൻഡറുകൾക്കെതിരായ മസ്കിന്റെ പ്രസ്താവനകൾ പലപ്പോഴും വിവാദത്തിന് കാരണമായിരുന്നു. ഇക്കാര്യത്തിൽ സ്വന്തം മകൾ തന്നെ മസ്കിനെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇനി പിതാവിനൊപ്പം താമസിക്കാൻ താൽപര്യമില്ലെന്ന് മസ്കിന്റെ മകൾ കോടതിയിൽ അറിയിച്ചുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പേരും ലിംഗവും മാറ്റിയ മകളുടെ നടപടിയെ മസ്കും വിമർശിച്ചിരുന്നു.
നേരത്തെ 2021ൽ ടെസ്‍ലയുടെ ആസ്ഥാനവും മസ്ക് കാലിഫോർണിയയിൽ നിന്നും മാറ്റിയിരുന്നു. സിലിക്കൺ വാലിയിൽ നിന്നും ടെക്സാസിലെ ഓസ്റ്റിനിലേക്കാണ് ആസ്ഥാനം മാറ്റിയത്. ഇതിന് പിന്നാലെയാണ് സ്പേസ് എക്സിന്റേയും എക്സിന്റേയും ആസ്ഥാനം മാറ്റാനുളള നീക്കം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.