ജോലി സമ്മർദ്ദം മൂലം മലയാളി യുവതിയുടെ മരണം; ഇ.വൈ കമ്പനിക്ക് രജിസ്ട്രേഷനില്ലെന്ന് മഹാരാഷ്ട്ര
text_fieldsമുംബൈ: ജോലി സമ്മർദ്ദം മൂലം മലയാളി പെൺകുട്ടി അന്ന സെബാസ്റ്റ്യൻ മരിക്കാനിടയായ സംഭവത്തിന് പിന്നാലെ ഇ.വൈ കമ്പനിക്ക് രജിസ്ട്രേഷൻ ഇല്ലെന്ന റിപ്പോർട്ടും പുറത്ത്. 2007 മുതൽ സംസ്ഥാന സർക്കാറിന്റെ അനുമതി ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നാണ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പ്രതികരിച്ചത്.
പൂണെയിലെ കമ്പനിയിൽ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയെന്നും ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമുള്ള രജിസ്ട്രേഷൻ കമ്പനിക്ക് ഇല്ലെന്ന് വ്യക്തമായതായും മഹാരാഷ്ട്ര അഡീഷണൽ ലേബർ കമീഷണർ ശൈലേന്ദ്ര പോൾ പറഞ്ഞു. നിയമപ്രകാരം ജീവനക്കാരെ ദിവസത്തിൽ പരമാവധി ഒമ്പത് മണിക്കൂർ സമയവും ആഴ്ചയിൽ 48 മണിക്കൂറും മാത്രമേ പണിയെടുപ്പിക്കാവു.
2024 ഫെബ്രുവരിയിലാണ് കമ്പനി രജിസ്ട്രേഷനായി തൊഴിൽ വകുപ്പിന് അപേക്ഷ നൽകിയത്. എന്നാൽ, 2007 മുതൽ രജിസ്ട്രേഷൻ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇത് നിരസിക്കുകയായിരുന്നു. രജിസ്ട്രേഷൻ അപേക്ഷ വൈകിയതിൽ കാരണം വിശദീകരിക്കാൻ കമ്പനിക്ക് ഏഴ് ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.
അതേസമയം, ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്താൻ ഇ.വൈ കമ്പനി ഇതുവരെ തയാറായിട്ടില്ല. ജീവനക്കാരുടെ ക്ഷേമത്തിനാണ് തങ്ങൾ ഏറ്റവും പ്രാധാന്യം കൊടുക്കുന്നതെന്നും അന്നയുടെ കുടുംബവുമായി ബന്ധപ്പെടുമെന്നും കമ്പനിയുടെ വക്താവ് നേരത്തെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.