വിദേശ വിനിമയ ചട്ട ലംഘനം; ഫ്ലിപ്കാർട്ടിന് ഇ.ഡി 31,800 കോടി രൂപ വരെ പിഴ ചുമത്തിയേക്കും
text_fieldsന്യൂഡൽഹി: വിദേശവിനിമയ ചട്ടങ്ങൾ ലംഘിച്ചതിന് ഇ കൊമേഴ്സ് ഭീമൻമാരായ ഫ്ലിപ്കാർട്ടിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) 31,800 കോടി രൂപ വരെ പിഴ ചുമത്താൻ സാധ്യത.
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരം അന്വേഷണ ഏജൻസി ഫ്ലിപ്കാർട്ടിനും കമ്പനി അധികൃതർക്കും ജൂലൈ ഒന്നിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഫ്ലിപ്കാർട്ട് സ്ഥാപകരായ സച്ചിൻ ബൻസാൽ, ബിന്നി ബൻസാൽ, വിവിധ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവക്കാണ് നോട്ടീസ്.
10,600 കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസാണ് ഫ്ലിപ്കാർട്ടിന് അയച്ചിരുന്നത്. നിയമപ്രകാരം 10,600 കോടി രൂപയുടെ 300 ശതമാനം പിഴ ഈടാക്കാനാണ് സാധ്യതയെന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഇന്ത്യ ടുഡെ ടി.വിയോട് പറഞ്ഞു. അവസാന ഘട്ടത്തിലാണ് ഫ്ലിപ്കാർട്ടിന് പിഴ ചുമത്തേണ്ട തുക തീരുമാനിക്കുകയെന്നും അവർ കൂട്ടിേച്ചർത്തു.
ഫ്ലിപ്കാർട്ട് വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചതായി പ്രത്യക്ഷത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
2009നും 2015നും ഇടയിൽ മൗറീഷ്യസ് ആസ്ഥാനമായ സ്ഥാപനത്തിൽനിന്ന് വിദേശ നിക്ഷേപം വഴി 10,600 കോടി രൂപ മൊത്ത വ്യാപാരത്തിനായി ലഭിച്ചുവെന്നാണ് കണ്ടെത്തൽ. ഇൗ പണം മൾട്ടി ബ്രാൻഡ് ബിസിനസിനായി ഉപയോഗിച്ചുവെന്നും ആരോപിക്കുന്നു.
അതേസമയം, ഫ്ലിപ്കാർട്ട് ഇന്ത്യൻ നിയമങ്ങൾക്കും നടപടികൾക്കും അനുസൃതമായാണ് പ്രവർത്തിക്കുന്നത്. വിദേശ നിക്ഷേപ നിയമങ്ങളും ബാധകമാകും. നോട്ടീസിൽ പറയുന്ന 2009-2015കാലഘട്ടത്തിലെ സംഭവവുമായി ബന്ധപ്പെട്ട് ഫ്ലിപ്കാർട്ട് അന്വേഷണത്തിൽ സഹകരിക്കും -ഫ്ലിപ്കാർട്ട് പ്രസ്താവനയിൽ അറിയിച്ചു. 2018ൽ വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ ഏറ്റെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.