ശമ്പളം കുറവായതിനാൽ വിവാഹം മുടങ്ങി; 2.4 ബില്യൺ ഡോളർ ആസ്തിയിലേക്ക് വളർന്നതിന്‍റെ കഥയുമായി വിജയ് ശർമ്മ
text_fieldsമുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ പേടിഎം ഔദ്യോഗികമായി ലിസ്റ്റ് ചെയ്ത് വ്യാപാരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ആദ്യ ദിവസത്തിലെ വ്യാപാരത്തിൽ തിരിച്ചടി നേരിട്ടുവെങ്കിലും അവിശ്വസനീയമാണ് പേടിഎം എന്ന ഡിജിറ്റൽ പണമിടപാട് സ്ഥാപനത്തിന്‍റെ ദലാൽ സ്ട്രീറ്റിലേക്കുള്ള യാത്ര. പേടിഎമ്മിന്‍റെ യാത്രയിൽ വിസ്മരിക്കാൻ കഴിയാത്ത പേരാണ് വിജയ് ശേഖർ ശർമ്മ. 10,000 രൂപ ശമ്പളം വാങ്ങുന്ന ജീവനക്കാരനിൽ നിന്നും 2.5 ബില്യൺ ഡോളർ ആസ്തിയിലേക്കാണ് പേടിഎമ്മിലൂടെ വിജയ് ശേഖർ ശമ്മ എന്ന വ്യവസായി വളർന്നത്.
10,000 രൂപ ശമ്പളം ലഭിക്കുന്ന ജോലിയാണ് തനിക്ക് ആദ്യമുണ്ടായിരുന്നതെന്ന് ശർമ്മ പറയുന്നു. 30,000 രൂപ ശമ്പളം ലഭിക്കുന്ന ജോലിയെങ്കിലും കണ്ടെത്താനായിരുന്നു പിതാവിന്‍റെ അക്കാലത്തെ ഉപദേശം. ശമ്പളം കുറവായതിനാൽ തന്‍റെ പല വിവാഹാലോചനകളും മുടങ്ങി. തനിക്ക് 10,000 രൂപയാണ് ശമ്പളമെന്ന് അറിഞ്ഞതോടെ പല പെൺകുട്ടികളും വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നുവെന്നും വിജയ് ശേഖർ ശർമ്മ റോയിേട്ടഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
18,300 കോടിയുടെ പേടിഎം ഐ.പി.ഒ ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വിൽപനകളിലൊന്നായിരുന്നു. റീടെയിൽ നിക്ഷേപകരിൽ നിന്ന് ഓഹരി വിൽപനക്ക് മികച്ച പ്രതികരണവും ലഭിച്ചിരുന്നു. 2010ലാണ് എൻജീനിയറിങ് ബിരുദദാരിയായ വിജയ് ശേഖർ ശർമ്മ പേടിഎമ്മിന് തുടക്കം കുറിച്ചത്. 2016ലെ നോട്ട് നിരോധനത്തിന് പിന്നാലെ പേടിഎം ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഈ മികവ് പിന്നീട് നിലനിർത്താൻ കമ്പനിക്ക് സാധിച്ചില്ല. പുതിയ പണമിടപാട് ആപുകളുടെ വരവ് പേടിഎമ്മിന് തിരിച്ചടിയുണ്ടാക്കിയെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.