ലോക സമ്പന്നരുടെ പട്ടികയിൽ അദാനി രണ്ടാമതെത്തും; മസ്കിനെ മറികടക്കും
text_fieldsന്യൂഡൽഹി: ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്കിനെ മറികടന്ന് ഇന്ത്യയുടെ ഗൗതം അദാനി ശതകോടീശ്വരരുടെ പട്ടികയിൽ രണ്ടാമതെത്തുമെന്ന് റിപ്പോർട്ട്. ഏതാനും ആഴ്ചകൾക്കുള്ളിൽ മസ്കിനെ അദാനി മറികടക്കുമെന്നാണ് റിപ്പോർട്ട്. ബ്ലുംബെർഗിന്റെ ബില്യണയർ ഇൻഡക്സ് പ്രകാരം നിലവിൽ 132 ബില്യൺ ഡോളറാണ് ഇലോൺ മസ്കിന്റെ ആസ്തി. ഗൗതം അദാനിക്ക് 119 ബില്യൺ ഡോളറിന്റേയും സമ്പാദ്യമുണ്ട്. കഴിഞ്ഞ വർഷം സമ്പത്തിൽ അദാനി വൻ നേട്ടമുണ്ടാക്കിയപ്പോൾ മസ്കിന് നഷ്ടക്കണക്കാണ് പറയാനുള്ളത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ടെസ്‍ലയുടെ ഓഹരി വിലയിൽ ഇടിവ് രേഖപ്പെടുത്തുകയാണ്. ഈ സ്ഥിതി തുടർന്നു പോവുകയാണെങ്കിൽ ആഴ്ചകൾക്കുള്ളിൽ തന്നെ മസ്കിനെ അദാനി മറികടക്കുമെന്നാണ് സൂചന. ഡിസംബർ 13നാണ് ലോക കോടീശ്വര പട്ടികയിലെ ഒന്നാം സ്ഥാനം ഇലോൺ മസ്കിന് നഷ്ടമായത്. ആഡംബര ഉൽപന്ന വ്യവസായി ബെർനാർഡ് അർനോൾഡ് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
മസ്കിന്റെ ആസ്തിയിൽ 200 ബില്യൺ ഡോളറിന്റെ കുറവാണുണ്ടായത്. അതോടെ അതിവേഗം ആസ്തി നഷ്ടപ്പെട്ടവരിൽ മസ്ക് മുമ്പനാകുകയും ചെയ്തു. 2021 നവംബർ നാലിലെ കണക്കുപ്രകാരം 340 ബില്യൺ ഡോളറായിരുന്നു മസ്കിന്റെ ആസ്തി. തുടർന്ന് അദ്ദേഹത്തിന്റെ ആസ്തി അതിവേഗം ഇടിയുകയായിരുന്നു. ടെസ്‍ലയുടെ ഓഹരിവില ഇടിയുന്നതാണ് മസ്കിന്റെ ആസ്തിയെ സ്വാധീനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.