ടാറ്റയോ സ്പൈസ്ജെറ്റോ ?; എയർ ഇന്ത്യയുടെ ഉടമയെ മൂന്നാഴ്ച്ചക്കകം അറിയാം
text_fieldsന്യൂഡൽഹി: എയർ ഇന്ത്യയുടെ ഓഹരി വിൽപനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മൂന്നാഴ്ചക്കകം തീരുമാനമുണ്ടാകുമെന്ന് കേന്ദ്രസർക്കാർ. രണ്ട് ഉന്നതാധികാര സമിതികൾ എയർ ഇന്ത്യയുടെ അന്തിമ വില നിശ്ചയിക്കും. ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് സെക്രട്ടറി അധ്യക്ഷനായ ഇന്‍റർ മിനിസ്ട്രിയൽ ഗ്രൂപ്പായിരിക്കും കമ്പനിയുടെ വില നിശ്ചയിക്കുക. കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ മറ്റൊരു സമിതി ഇത് പരിശോധിക്കും.
ടാറ്റയും സ്പൈസ്ജെറ്റ് പ്രമോട്ടർ അജയ് സിങ്ങുമാണ് എയർ ഇന്ത്യക്കായി രംഗത്തുള്ളത്. എത്രയും പെട്ടെന്ന് ലേല നടപടികൾ പൂർത്തിയാക്കുകയാണ് കേന്ദ്രസർക്കാറിന്‍റെ ലക്ഷ്യം. ലേലത്തിന്‍റെ നിർണായക ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നതെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
എയർ ഇന്ത്യയുടെ വില സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയാൽ ടാറ്റയുടേയും അജയ് സിങ്ങിന്‍റെ അപേക്ഷകൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ സമിതിക്ക് മുന്നിലേക്ക് എത്തും. ധനകാര്യമന്ത്രിയും വാണിജ്യ മന്ത്രിയും വ്യോമയാനമന്ത്രിയും ഈ സമിതിയിൽ അംഗങ്ങളായിരിക്കും. ഇവരുടെ അനുമതിക്ക് ശേഷം ഇന്ത്യയിലെ കോംപറ്റീഷൻ കമ്മീഷേന്റയും എയർ ഇന്ത്യക്ക് വായ്പ നൽകിയ സ്ഥാപനങ്ങളുടേയും അംഗീകാരം കൂടി ലഭിച്ചാൽ കമ്പനിയുടെ വിൽപന പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.