തൃശൂരിലെ ഏറ്റവും വലിയ മാൾ ഉദ്ഘാടനം ബുധനാഴ്ച; ഷോപ്പിങ് വിസ്‍മയമായി ഹൈലൈറ്റ് മാൾ
text_fieldsതൃശൂർ: തൃശൂരിലെ ഏറ്റവും വലിയ മാളെന്ന ഖ്യാതിയുമായി ഹൈലൈറ്റ് മാൾ ബുധനാഴ്ച നാട്ടുകാർക്കായി മിഴിതുറക്കും. 4.3 ഏക്കർ സ്ഥലത്ത് എട്ടു ലക്ഷം ചതുരശ്രയടിയിൽ കുട്ടനെല്ലൂർ ബൈപ്പാസിന് സമീപം ദേശീയ-സംസ്ഥാന പാതകൾക്കരികിലാണ് മാൾ. ലോകത്തിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശൃംഖലകളിൽ ഒന്നായ ലുലു ഡെയിലി തന്നെയാണ് തൃശൂർ ഹൈലൈറ്റ് മാളിന്റെയും ഹൈലൈറ്റ്. 75000 ചതുരശ്ര അടിയിലാണ് ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തിക്കുക.
200ലധികം ബ്രാൻഡുകൾ, 40,000 ചതുരശ്ര അടി വിസ്തീർണമുള്ള ഫുഡ് കോർട്ട്, 20,000 ചതുരശ്ര അടി വലുപ്പത്തിലുള്ള മലബാർ ഗ്രൂപ്പിന്റെ പ്ലേയാസ എന്റർടൈൻമെന്റ് സെന്റർ, ആത്യാധുനിക മൾട്ടിലെവൽ പാർക്കിങ് സൗകര്യം എന്നിവയും ഒരുങ്ങിക്കഴിഞ്ഞു.
മികച്ച ഷോപ്പിങ് അനുഭവം നൽകുന്നതിനൊപ്പം വിശാലമായ ഡൈനിങ്, വിനോദ സൗകര്യങ്ങൾ, മറ്റ് അത്യാധുനിക സേവനങ്ങളും മാളിലുണ്ട്. ഏതു നിലയിലും പാർക്കിങ് സൗകര്യം ഉണ്ടാകും. കേരളത്തിലെ ആദ്യ ഷോപ്പിങ് മാളായ കോഴിക്കോട് ഫോക്കസ് മാൾ, കോഴിക്കോട് ഹൈലൈറ്റ് മാൾ, ബിസിനസ് പാർക്ക്, രണ്ടായിരത്തോളം അപ്പാർട്ട്മെന്റുകൾ ഉള്ള പാർപ്പിട സമുച്ഛയങ്ങൾ എന്നിവ അടങ്ങിയ ഇന്റഗ്രേറ്റഡ് ടൗൺഷിപ് - ഹൈലൈറ്റ് സിറ്റി തുടങ്ങിയവയുടെ പ്രായോജകരായ ഹൈലൈറ്റ് ഗ്രൂപ്പിന്റെ മറ്റൊരു അഭിമാന പദ്ധതിയാണ് തൃശൂർ ഹൈലൈറ്റ് മാൾ.
വിപുലമായ പദ്ധതികളാണ് ഹൈലൈറ്റ് നടപ്പാക്കുന്നത്. എറണാകുളം വെലിങ്ടൺ ദ്വീപിൽ സ്ഥാപിക്കുന്ന വാട്ടർ ഫ്രണ്ട് ഡെവലപ്മെന്റ്, ഹൈലൈറ്റ് ബൊളിവാർഡ്, മണ്ണാർക്കാട്, നിലമ്പൂർ, ചെമ്മാട് എന്നിവിടങ്ങളിൽ നിർമാണം നടക്കുന്ന ഹൈലൈറ്റ് മാളുകൾ എന്നിവ വൈകാതെ നാടിന് സമർപ്പിക്കും. കുന്നംകുളം, താമരശ്ശേരി എന്നിവിടങ്ങളിൽ ഉടൻ നിർമാണം ആരംഭിക്കും. കേരളത്തിൽ ആദ്യമായി എപ്പിക് സ്ക്രീൻ അവതരിപ്പിച്ച ഹൈലൈറ്റിന്റെ പലാക്സി സിനിമാസ് വരുംവർഷങ്ങളിൽ സംസ്ഥാനത്തൊട്ടാകെ 50 സ്ക്രീനുകൾ എന്ന ലക്ഷ്യത്തിലാണ്.
ഹൈലൈറ്റിന്റെ 24 മണിക്കൂർ കഫേ ചെയിൻ ‘ഹഗ് എ മഗ്’ കേരളത്തിലെ എല്ലാ നഗരങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ്. തൃശൂർ ഹൈലൈറ്റ് മാളിൽ നടന്ന വാർത്തസമ്മേളനത്തിൽ ഹൈലൈറ്റ് ഗ്രൂപ് സി.ഇ.ഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് പ്രോപ്പർട്ടീസ് സി.ഇ.ഒ പി. മുഹമ്മദ് ഷഫീഖ്, ഹൈലൈറ്റ് ഗ്രൂപ് ഡയറക്ടർ നിമ സുലൈമാൻ, ഹൈലൈറ്റ് അർബൻ സി.ഇ.ഒ മുഹമ്മദ് ഫവാസ് പി. എന്നിവർ പങ്കെടുത്തു.
തൃശൂർ കുട്ടനെല്ലൂരിൽ ബുധനാഴ്ച ഉദ്ഘാടനം ചെയ്യുന്ന ഹൈലൈറ്റ് മാൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.