ഹിൻഡൻബർഗിന്റെ അടുത്ത പണി ട്വിറ്റർ മുൻ സി.ഇ.ഒക്ക്; 'ബ്ലോക്ക്' കുടുങ്ങും
text_fieldsവാഷിങ്ടൺ: ഹിൻഡൻബർഗ് റിസർച്ചിന്റെ അടുത്ത പണി ട്വിറ്റർ മുൻ സി.ഇ.ഒ ജാക്ക് ഡോർസേയുടെ കമ്പനിക്കെതിരെ. ബ്ലോക്കിന്റെ ഓഹരികൾ ഹിൻഡൻബർഗ് റിസർച്ച് ഷോർട്ട് ലിസ്റ്റ് ചെയ്തു. കമ്പനിയുടെ ആപുകളിലെ ഉപയോക്താക്കളുടെ എണ്ണത്തിൽ ഉൾപ്പടെ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ഹിൻഡൻബർഗിന്റെ ആരോപണം.
ചുരുങ്ങിയ കാലത്തിനുള്ളിൽ ബ്ലോക്ക് വലിയ വളർച്ചയുണ്ടാക്കിയത് സർക്കാറിനേയും ഉപയോക്താക്കളേയും കബളിപ്പിച്ചാണെന്ന് ഹിൻഡൻബർഗ് റിസർച്ച് വ്യക്തമാക്കുന്നു. ബ്ലോക്ക് വികസിപ്പിച്ച പേയ്മെന്റ് ആപായ കാഷിൽ നടക്കുന്ന ഇടപാടുകളിൽ വലിയൊരു വിഭാഗവും കൃത്രിമമാണെന്ന് ഹിൻഡൻബർഗ് പറയുന്നു. മുൻ ജീവനക്കാരിൽ നിന്ന് ഉൾപ്പടെ വിവരം തേടിയാണ് റേറ്റിങ് ഏജൻസി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
ആപിലെ അക്കൗണ്ടുകളിൽ 40 മുതൽ 75 ശതമാനം വരെ വ്യാജമാണ്. ഒരാളുടെ പേരിൽ തന്നെ നിരവധി അക്കൗണ്ടുകൾ ഇത്തരത്തിൽ വ്യാജമായി നിർമ്മിച്ചുവെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടിയെന്ന് ഏജൻസി വ്യക്തമാക്കുന്നു.
റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ബ്ലോക്കിന്റെ ഓഹരി വില ഇടിഞ്ഞു. 18 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2009ലാണ് ജാക്ക് ഡോർസെയും ജിം മക്കെൽവിയും ചേർന്ന് കമ്പനിക്ക് തുടക്കം കുറച്ചത്. 2015ൽ കമ്പനി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. ബ്ലോക്കിന് കീഴിൽ നിരവധി സംരംഭങ്ങളുണ്ട്. സ്വകയർ എന്ന പേരിൽ ചെറുകിട ബിസിനസുകാർക്ക് വേണ്ടിയുള്ള ആപും മൊബൈൽ പേയ്മെന്റിനായി കാഷ് ആപുമുണ്ട്. ഇതിന് പുറമേ ആഫ്റ്റർപേ, വീബ്ലേ എന്ന പേരിൽ വെബ്ഹോസ്റ്റിങ് സർവീസുമുണ്ട്. നേരത്തെ ഗൗതം അദാനിക്കെതിരെ ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരി വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.