'പാപ്പരായ' അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപവും കമ്പനികളിൽ ഉടമസ്ഥാവകാശവും
text_fieldsമുംബൈ: അനിൽ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപവും കമ്പനികളിൽ ഉടമസ്ഥാവകാശവും ഉണ്ടെന്ന വൻ വെളിപ്പെടുത്തലുമായി മുംബൈ ആദായ നികുതി വകുപ്പിന്റെ അന്വേഷണ വിഭാഗം. അനിൽ അംബാനി ചെയർമാനായ അനിൽ ധീരുഭായി അംബാനി ഗ്രൂപ്പ് വിദേശത്ത് 800 കോടിയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് കണ്ടെത്തൽ. ഇന്ത്യൻ എക്സ്പ്രസാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.
കള്ളപ്പണ നിയമപ്രകാരമാണ് ആദായ നികുതി വകുപ്പിന്റെ നടപടി. രണ്ട് വിദേശരാജ്യങ്ങളിൽ അംബാനിക്ക് കമ്പനികളുണ്ട്. ബഹാമാസിലും ബ്രിട്ടീഷ് വിർജിൻ ദ്വീപിലുമാണ് അംബാനിയുടെ കമ്പനികൾ. 2006ലാണ് അനിൽ അംബാനി ബഹാമാസിൽ ഡയമണ്ട് ട്രസ്റ്റ് രൂപീകരിച്ചത്. തുടർന്ന് ഡ്രീംവർക്ക് ഹോൾഡിങ്സ് എന്ന കമ്പനിയും തുടങ്ങി. പ്രത്യേക്ഷ നികുതി വകുപ്പ് ഈ കമ്പനിയെ കുറിച്ചുള്ള വിവരങ്ങൾ ബഹാമാസിനോട് അന്വേഷിക്കുകയും സ്വിസ്ബാങ്കിന്റെ ഒരു അക്കൗണ്ടുമായി കമ്പനി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
2010ലാണ് അംബാനി രണ്ടാമത്തെ കമ്പനി രുപീകരിച്ചത്. നോർത്ത് അറ്റ്ലാന്റിക് ട്രേഡിങ് അൺലിമിറ്റിഡ് എന്ന പേരിലായിരുന്നു കമ്പനി. ബാങ്ക് ഓഫ് സൈപ്രസുമായാണ് കമ്പനിക്ക് ബന്ധം. നേരത്തെ തന്റെ കൈവശം സമ്പത്തൊന്നും ബാക്കിയില്ലെന്നും ആഭരണങ്ങൾ വിറ്റാണ് കോടതിച്ചെലവുകൾ വഹിച്ചതെന്നും അംബാനി യു.കെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഇതിന് വിരുദ്ധമായ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അംബാനിയും കൂട്ടരും ചേർന്ന് 18ഓളം കമ്പനികൾ 2007നും 2010നും ഇടയിൽ തുടങ്ങിയെന്നാണ് വെളിപ്പെടുത്തൽ. ഈ കമ്പനികൾ ഏകദേശം 1.3 ബില്യൺ ഡോളർ വിവിധ മേഖലകളിലായി നിക്ഷേപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.