'മൂൺലൈറ്റിങ്' വിലക്കി ഇൻഫോസിസ്; അത്തരം ജീവനക്കാരെ പുറത്താക്കും
text_fieldsന്യൂഡൽഹി: മുൺലൈറ്റിങ്ങിനെതിരെ കർശന നിലപാടുമായി ഐ.ടി ഭീമൻ ഇൻഫോസിസ്. ജീവനക്കാർക്ക് അയച്ച ഇമെയിലിലാണ് മൂൺലൈറ്റിങ് വിലക്കിയ വിവരം ഇൻഫോസിസ് അറിയിച്ചത്. എച്ച്.ആർ ഡിപ്പാർട്ട്മെന്റാണ് ഇമെയിൽ അയച്ചത്. ജീവനക്കാർക്കുള്ള ചട്ടങ്ങൾ അനുസരിച്ച് മൂൺലൈറ്റിങ് വിലക്കുകയാണെന്ന് ഇൻഫോസിസ് അറിയിച്ചു. വിലക്ക് ലംഘിക്കുന്നവരെ കമ്പനിയിൽ നിന്നും പുറത്താക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ജോലി സമയത്തിന് ശേഷം മറ്റ് കമ്പനികൾക്കായി ജോലി ചെയ്യാൻ ജീവനക്കാരെ അനുവദിക്കുന്ന സംവിധാനമാണ് മൂൺലൈറ്റിങ്. ജോലി സമയത്തോ അതിന് ശേഷമോ മറ്റ് കമ്പനികളുടെ അസൈൻമെന്റുകൾ ഏറ്റെടുക്കാൻ ജീവനക്കാർക്ക് അനുമതിയില്ലെന്ന് ഇൻഫോസിസ് വ്യക്തമാക്കിയിട്ടുണ്ട്.
ജീവനക്കാരുമായുള്ള കരാർ പ്രകാരം മറ്റൊരു സ്ഥാപനത്തിൽ ഫുൾ ടൈം അല്ലെങ്കിൽ പാർട്ട് ടൈം ജോലി ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ട്. ഇനി അത് കർശനമായി പാലിക്കുമെന്ന് ഇൻഫോസിസ് അറിയിച്ചു. കോവിഡുകാലത്താണ് മൂൺലൈറ്റിങ് വ്യാപകമായത്. ഇതുമൂലം ജീവനക്കാർ മാതൃകമ്പനിക്കായി കാര്യക്ഷമമായി ജോലി ചെയ്യുമോയെന്ന ആശങ്ക പല കമ്പനികളും ഉയർത്തിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ നടപടിയുമായി ഇൻഫോസിസ് രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.