നിക്ഷേപകരുടെ താൽപര്യമാണ് പരമപ്രധാനം; സാമ്പത്തികാടിത്തറ മികച്ചത് - ഗൗതം അദാനി
text_fieldsമുംബൈ: നിക്ഷേപകരുടെ താൽപര്യത്തിനാണ് അദാനി ഗ്രൂപ്പ് പ്രാധാന്യം നൽകുന്നതെന്ന് വ്യവസായി ഗൗതം അദാനി. 20,000 കോടിയുടെ എഫ്.പി.ഒ റദ്ദാക്കിയതിന് പിന്നാലെയാണ് അദാനിയുടെ പ്രതികരണം. അസാധാരണമായ സാഹചര്യത്തിൽ എഫ്.പി.ഒയുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്ന് തോന്നിയതിനാലാണ് അത് റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും അദാനി അറിയിച്ചു.
നിക്ഷേപകർക്ക് പണം നഷ്ടമായാൽ അത് അവരെ അപമാനിക്കുന്നതിന് തുല്യമാകും. കഴിഞ്ഞ ഒരാഴ്ചയായി അദാനി ഓഹരികൾ വിപണിയിൽ ചാഞ്ചാട്ടം തുടരുകയാണ്. പ്രതിസന്ധികൾക്കിടയിലും നിക്ഷേപകർ അർപ്പിച്ച വിശ്വാസം ഞങ്ങളെ കൂടുതൽ വിനയാന്വിതരാക്കുന്നു. നിക്ഷേപകരുടെ വിശ്വാസമാണ് എന്റെ നേട്ടങ്ങൾക്ക് പിന്നിൽ. അദാനി ഗ്രൂപ്പിന്റെ സാമ്പത്തികാടിത്തറ മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് അദാനിക്ക് വൻ തിരിച്ചടിയേറ്റത്. തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ അദാനി ഷെയറുകൾ കൂപ്പുകുത്തിയിരുന്നു. ഇതിനിടെ 20,000 കോടിയുടെ എഫ്.പി.ഒ അദാനി എന്റർപ്രൈസ് പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ എഫ്.പി.ഒക്ക് റീടെയിൽ നിക്ഷേപകരിൽ നിന്ന് കാര്യമായ പ്രതികരണമുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.