എയർടെല്ലിന് ഇടക്കാല ആശ്വാസം; എ.ജി.ആറിൽ കേന്ദ്രത്തിന് സുപ്രീംകോടതി നിർദേശം
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ എയർടെല്ലിന് സുപ്രീംകോടതിയുടെ ഇടക്കാല ആശ്വാസം. എയർടെൽ നൽകിയ ബാങ്ക് ഗ്യാരണ്ടി മൂന്നാഴ്ചത്തേക്ക് പണമാക്കി മാറ്റരുതെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാറിനോട് നിർദേശിച്ചു. വിഡിയോകോണുമായി ബന്ധപ്പെട്ട എ.ജി.ആർ കുടിശികയിലാണ് എയർടെല്ലിന് ആശ്വാസം.
2016ൽ വിഡിയോകോണിന്‍റെ ഉടമസ്ഥതയിലുള്ള 4,428 കോടി രൂപയുടെ സ്പക്ട്രം എയർടെൽ വാങ്ങിയിരുന്നു. ബിഹാർ, ഹരിയാന, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്പെക്ട്രമാണ് വാങ്ങിയത്. ഇടപാടിനെ തുടർന്ന് 1,376 കോടി രൂപ വിഡിയോകോൺ എ.ജി.ആറായി നൽകി. ഇടപാടിന് ശേഷം ബാക്കിയുള്ള പണം എയർടെല്ലിൽ നിന്ന് ഈടാക്കാൻ ടെലികമ്യൂണിക്കേഷൻ മന്ത്രാലയം തീരുമാനമെടുക്കുകയും ചെയ്തിരുന്നു.
എന്നാൽ, പണം വിഡിയോകോണിൽ നിന്നാണ് ഈടാക്കേണ്ടതെന്നും തങ്ങൾക്ക് ഇതിൽ ബന്ധമില്ലെന്നുമായിരുന്നു എയർടെൽ വാദം. അതേസമയം, നിലവിൽ ഇതുമായി ബന്ധപ്പെട്ട വിധിയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എങ്കിലും എൽ.നാഗേശ്വര റാവു, എസ്.അബ്ദുൾ നസീർ, എം.ആർ.ഷാ എന്നിവരുൾപ്പെട്ട മൂന്നംഗ ബെഞ്ച് എയർടെല്ലിന്‍റെ ബാങ്ക് ഗ്യാരണ്ടി പണമാക്കുന്നതിന് മൂന്നാഴ്ചത്തെ വിലക്ക് കൽപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.