5096 കോടിയുടെ ആഡംബരം; ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് വിവാഹിതനാവുന്നു
text_fieldsആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് വിവാഹിതനാവുന്നു. ലോറന്‍ സാഞ്ചെസാണ് വധു. ഡിസംബര്‍ 28ന് അമേരിക്കയിലെ കൊളറാഡോയില്‍ നടക്കുന്ന ചടങ്ങില്‍ ഇരുവരും വിവാഹിതാവുമെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
2023 മെയ് മാസത്തിലാണ് ജെഫ് ബെസോസിന്റേയും ലോറന്‍ സാഞ്ചെസ്സിന്റേയും വിവാഹനിശ്ചയം കഴിഞ്ഞത്. വിന്റര്‍ വണ്ടര്‍ലാന്റ് തീമിലായിരിക്കും വിവാഹച്ചടങ്ങുകള്‍ നടക്കുകയെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ആമസോണ്‍ മേധാവിയുടെ ആഡംബര വിവാഹത്തിനായി 600 ദശലക്ഷം ഡോളര്‍ (ഏകദേശം 5096 കോടി രൂപ) ചെലവഴിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്ന പ്രമുഖരില്‍ ഏതാനും പേരുടെ പട്ടിക പുറത്തുവന്നിട്ടുണ്ട്. ബില്‍ ഗേറ്റ്‌സ്, ലിയനാര്‍ഡോ ഡികാപ്രിയോ, ജോര്‍ദാന്‍ രാജ്ഞി തുടങ്ങിയവരാണ് പട്ടികയിലെ പ്രമുഖര്‍. വിവാഹവാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും ബെസോസോ ലോറന്‍ സാഞ്ചെസ്സോ ഈ വാര്‍ത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കായി ആസ്‌പെനിലെ നിരവധി ആഡംബര ഹോട്ടലുകളും സ്വകാര്യ കൊട്ടാരങ്ങളും ബുക്ക് ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന് ഏറ്റവും മികച്ച അലങ്കാരങ്ങളാണ് വിവാഹത്തിനായി ആസ്‌പെനിലെത്തിച്ചിരിക്കുന്നതെന്ന് ആസ്‌പെനിലെ വെഡ്ഡിങ് പ്ലാനറായസാറ റോസ് ആറ്റ്മാനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
2018ലാണ് ജെഫ് ബെസോസും സാഞ്ചെസ്സും ഡേറ്റിങ് ആരംഭിച്ചത്. 2019ലാണ് ഇരുവരും പ്രണയവിവരം പുറത്തുവിട്ടത്. ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു 55 വയസ്സുകാരി ലോറന്‍ സാഞ്ചെസ്. ഹെലികോപ്ടര്‍ പൈലറ്റ് ലൈസന്‍സും സ്വന്തമായുള്ള സാഞ്ചെസ് നേരത്തെ ബ്ലാക്ക് ഒപ്‌സ് ഏവിയേഷന്‍ എന്ന പേരില്‍ കമ്പനിയുടെ മേധാവി കൂടിയാണ്. ഹോളിവുഡ് ഏജന്റായ പാട്രിക് വൈറ്റ്‌സെല്ലിനെയാണ് സാഞ്ചെസ് നേരത്തേ വിവാഹം ചെയ്തത്. ബെസോസിന്റെ രണ്ടാം വിവാഹമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.