മുതലാളിമാർ ആദ്യം 90 മണിക്കൂർ ജോലി ചെയ്യട്ടെ ?; തർക്കത്തിൽ പ്രതികരിച്ച് ബജാജ് ഓട്ടോ ഉടമ രാജീവ് ബജാജ്
text_fieldsമുംബൈ: തൊഴിലാളികൾ ആഴ്ചയിൽ എത്ര സമയം ജോലി ചെയ്യണമെന്നതിൽ തർക്കം മുറുകുന്നതിനിടെ ഇക്കാര്യത്തിൽ പ്രതികരിച്ച് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടർ രാജീവ് ബജാജ്. സി.എൻ.ബി.സി-ടി.വി 18ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. 90 മണിക്കൂർ ജോലിയെന്ന ആശയം കമ്പനികളുടെ ഉന്നതങ്ങളിൽ തുടങ്ങണമെന്ന് രാജീവ് പറഞ്ഞു. എത്ര മണിക്കൂർ ജോലി ചെയ്യുന്നു എന്നതിലല്ല അതിന്റെ നിലവാരത്തിലാണ് കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ നയങ്ങളിൽ കോർപ്പറേറ്റ് മുതലാളിമാർ മാറ്റം വരുത്തേണ്ട സമയമായെന്നും രാജീവ് ബജാജ് പറഞ്ഞു. കൂടുതൽ മികച്ച ഫലമുണ്ടാക്കാൻ ജീവനക്കാരെ ശാക്തീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആഴ്ചയിൽ 90 മണിക്കൂർ സമയം ജോലി ചെയ്യണമെന്ന നിർദേശവുമായി ലാർസൻ ആൻഡ് ടോബ്രോ ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യൻ രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കിൽ ഞായറാഴ്ചത്തെ അവധി പോലും ഒഴിവാക്കി ജീവനക്കാർ ജോലിക്കെത്തണമെന്ന നിർദേശവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.
ഞായറാഴ്ചകളിൽ നിങ്ങൾക്ക് ജോലി ചെയ്യിക്കാൻ സാധിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു. അതിന് സാധിച്ചാൽ ഞാൻ കൂടുതൽ സന്തോഷിക്കും. കാരണം, ഞാൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നുണ്ട്. വീട്ടിലിരുന്ന് നിങ്ങൾ എന്താണ് ചെയ്യുന്നത്. എത്രനേരം നിങ്ങൾ നിങ്ങളുടെ ഭാര്യയെ നോക്കിനിൽക്കും. ഓഫിസിൽ വന്ന് ജോലി തുടങ്ങൂ...''-എന്നാണ് സുബ്രഹ്മണ്യൻ ജീവനക്കാരോട് പറഞ്ഞത്.
അടുത്തിടെ ചൈനീസ് സ്വദേശിയുമായി നടത്തിയ സംഭാഷണത്തെ കുറിച്ചും ഇദ്ദേഹം എടുത്തുപറഞ്ഞു. ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യുന്ന ചൈനക്കാർ ആഴ്ചയിൽ 50 മണിക്കൂർ മാത്രം ജോലി ചെയ്യുന്ന അമേരിക്കക്കാരെ മറികടക്കുമെന്നാണ് ആ വ്യക്തി പറഞ്ഞത്. അപ്പോൾ ലോകത്തിന്റെ നെറുകയിലെത്തണമെങ്കിൽ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്നും സുബ്രഹ്മണ്യൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.