അദാനി ഗ്രൂപ്പിന്റെ കമ്പനികളിൽ എൽ.ഐ.സിക്ക് വൻ നിക്ഷേപം
text_fieldsന്യൂഡൽഹി: അദാനി ഗ്രൂപ് കമ്പനികളിൽ പൊതുമേഖല സ്ഥാപനമായ എൽ.ഐ.സിയുടെ നിക്ഷേപത്തിൽ വൻവളർച്ച. വിശ്വാസപൂർവം നിക്ഷേപിക്കാൻ പൊതുജനങ്ങളും മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളും ആശങ്ക പ്രകടിപ്പിക്കുമ്പോൾതന്നെയാണ് സർക്കാർ പ്രേരണയിൽ എൽ.ഐ.സിയുടെ കൈവിട്ട സഹായം.
അദാനി ഗ്രൂപ്പിന്‍റെ ഏഴിൽ നാലു കമ്പനികളാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇവയിലെ എൽ.ഐ.സി നിക്ഷേപം ചുരുങ്ങിയ കാലം കൊണ്ട് ആറിരട്ടിവരെ വർധിച്ചുവെന്നാണ് രേഖകൾ കാണിക്കുന്നത്. ഈ കമ്പനികളിലെ എൽ.ഐ.സിയുടെ മൊത്തം നിക്ഷേപം 74,142 കോടി രൂപയാണ്. അദാനി ഗ്രൂപ് വിപണിയിൽനിന്ന് സമാഹരിച്ചിട്ടുള്ള 18.98 ലക്ഷം കോടി രൂപയുടെ നാലു ശതമാനത്തോളമാണ് ഈ തുക.
അദാനി പോർട്ട്സിൽ എൽ.ഐ.സിയുടെ മുതൽമുടക്ക് 10 ശതമാനത്തോളമാണ്. മൊത്തം മ്യൂച്വൽ ഫണ്ടുകളുടെ നിക്ഷേപം ഇതിന്‍റെ പകുതി വരില്ല. അദാനി ടോട്ടൽ ഗ്യാസിലെ എൽ.ഐ.സി നിക്ഷേപം 5.77 ശതമാനമാണെങ്കിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം 0.04 ശതമാനം മാത്രം. അദാനി എന്‍റർപ്രൈസസ് ഓഹരികളിൽ എൽ.ഐ.സിക്ക് നാലു ശതമാനത്തിലധികമാണ് നിക്ഷേപം. മ്യൂച്വൽ ഫണ്ടുകൾക്ക് 1.27 ശതമാനം. ഇങ്ങനെ പോകുന്നു കണക്കുകൾ.
ബാങ്കുകളിൽനിന്ന് രണ്ടു ലക്ഷം കോടിയിൽപരം രൂപയാണ് അദാനി ഗ്രൂപ് വായ്പ എടുത്തിട്ടുള്ളത്. ഇൻഷുറൻസ് മേഖല അദാനി കമ്പനികളിൽ നിക്ഷേപിച്ചതിന്‍റെ 98.9 ശതമാനവും എൽ.ഐ.സിയുടെ വകയാണ്. ഇൻഷുറൻസ് പദ്ധതികളിലൂടെ പൊതുജനങ്ങളിൽനിന്ന് സമാഹരിക്കുന്ന തുകയാണ് എൽ.ഐ.സി വരുമാന വളർച്ചക്കായി വിവിധ കമ്പനികളിൽ നിക്ഷേപിക്കുന്നത്. ടാറ്റ ഗ്രൂപ്പിൽ എൽ.ഐ.സി നിക്ഷേപം 3.98 ശതമാനവും റിലയൻസ് ഇൻഡസ്ട്രീസിൽ 6.45 ശതമാനവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.