തുല്യതയുള്ള സമൂഹത്തെ സൃഷ്ടിക്കും; ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയെ പിന്തുണക്കുന്നുവെന്ന് അംബാനി
text_fieldsന്യൂഡൽഹി: ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യയെ പിന്തുണച്ച് വ്യവസായ ഭീമൻ മുകേഷ് അംബാനി. ക്രിപ്റ്റോ കറൻസിയിൽ നിന്നും വ്യത്യസ്തമാണ് ബ്ലോക്ക് ചെയിൻ. വിശ്വാസ്യതയിൽ അധിഷ്ഠിതമായ കൂടുതൽ തുല്യതയുള്ള സമൂഹത്തെ ബ്ലോക്ക്ചെയിൻ സൃഷ്ടിക്കുമെന്നും അംബാനി പറഞ്ഞു. ഇൻഫിനിറ്റി ഫോറം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുേമ്പാഴാണ് ബ്ലോക്ക്ചെയിൻ ടെക്നോളജിയെ കുറിച്ച് അംബാനി പ്രസ്താവന നടത്തിയത്.
ഡാറ്റ സ്വകാര്യത ബില്ലും ക്രിപ്റ്റോ കറൻസി ബില്ലും ഈ രംഗത്തെ പ്രധാനപ്പെട്ട മുന്നേറ്റങ്ങളാണ്. ഡിജിറ്റൽ ലോകത്ത് പുരോഗമനപരമായ നയങ്ങളും നിയന്ത്രണങ്ങളുമാണ് ഇന്ത്യ കൊണ്ടു വരുന്നത്. ഡാറ്റയാണ് പുതിയ എണ്ണ. സ്വകാര്യതക്ക് വേണ്ടി രാജ്യത്ത് നടപ്പാക്കിയ നിയമങ്ങൾ എല്ലാ പൗരൻമാർക്കും സുരക്ഷ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡാറ്റയും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും ഇന്ത്യക്കും മറ്റെല്ലാ രാജ്യങ്ങൾക്കും പ്രധാനപ്പെട്ടതാണ്. എല്ലാ രാജ്യങ്ങൾക്കും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും അത് സംരക്ഷിക്കാനുമുള്ള അവകാശമുണ്ട്. ഒപ്ടിക്കൽ ഫൈബർ, ക്ലൗഡ്, ഡാറ്റ സെന്‍റർ ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ ഇനി റിലയൻസ് ശ്രദ്ധകേന്ദ്രീകരിക്കും. അടുത്ത വർഷത്തോടെ 5ജി സേവനം അവതരിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അംബാനി പറഞ്ഞു.
ക്രിപ്റ്റോ കറൻസിയെ നിയന്ത്രിക്കുന്നതിനായി കേന്ദ്രസർക്കാർ നീക്കം നടത്തുന്നതിനിടെയാണ് ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയെ പിന്തുണച്ച് രാജ്യത്തെ ഏറ്റവും വലിയ വ്യവസായി തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഡിജിറ്റൽ കറൻസികളുടെ സമ്പൂർണ്ണ നിരോധനമല്ല നിയന്ത്രണമാണ് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.