ഹുറൂൺ റിച്ച് ലിസ്റ്റ്; ആദ്യ പത്തിൽ ഇന്ത്യയിൽ നിന്ന് അംബാനി മാത്രം
text_fieldsലോക സമ്പന്നരെ പട്ടികപ്പെടുത്തിയുള്ള ഹുറൂൺ റിച്ച് ലിസ്റ്റ് 2023ൽ ആദ്യ പത്തിൽ ഇടംപിടിച്ചത് ഇന്ത്യയിൽ നിന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി മാത്രം. 82 ബില്യൺ യു.എസ് ഡോളറാണ് അംബാനിയുടെ ആസ്തി. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി 23ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഹിൻഡൻബർഗ് റിപ്പോർട്ട് ഉയർത്തിയ വിവാദത്തിൽ ഓഹരിവിപണിയിൽ വൻ ഇടിവ് നേരിട്ട അദാനിക്ക് 28 ബില്യൺ ഡോളറാണ് സമ്പത്തിൽ കുറവുണ്ടായത്. 53 ബില്യൺ ഡോളറിന്‍റെ സമ്പത്തുമായി ഇന്ത്യയിലെ ധനികരിൽ രണ്ടാം സ്ഥാനത്താണ് അദാനി.
ഹുറൂൺ പട്ടികയിൽ സൈറസ് പൂനാവാല 46ഉം ശിവ് നാടാർ ഫാമിലി 50ഉം സ്ഥാനത്തുണ്ട്. ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് 15 പേരാണ് പുതിയതായി എത്തിയത്. അതേസമയം പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ളവരുടെ എണ്ണം മുൻവർഷത്തേക്കാൾ 28ന്‍റെ കുറവുണ്ടായി. ചൈനയും യു.എസും കഴിഞ്ഞാൽ മൂന്നാമതായി ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാർ ഇന്ത്യയിലാണുള്ളത്.
മുകേഷ് അംബാനിക്ക് ആസ്തിയിൽ 20 ശതമാനം കുറവുണ്ടായെങ്കിലും ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന പദവിയും നേടാനായി. ഹിൻഡൻബർഗ് റിപ്പോർട്ട് വരുന്നതിന് മുമ്പ് അദാനി അലങ്കരിച്ചിരുന്ന പദവിയായിരുന്നു ഇത്. ഏഷ്യയിലെ സമ്പന്നരിൽ രണ്ടാം സ്ഥാനത്ത് ചൈനീസ് വ്യവസായിയായ ഴോങ് ഷാൻഷാൻ ആണുള്ളത്.
ലോകത്താകമാനം ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ 2023ൽ കുറവുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 100 കോടി ഡോളറിലേറെ ആസ്തിയുണ്ടായിരുന്ന 3384 പേരായിരുന്നു കഴിഞ്ഞ വർഷം ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ അത് 3112 ആയി കുറഞ്ഞു.
ലോകത്തിലെ പ്രമുഖ സമ്പന്നരിൽ പലർക്കും ആസ്തിയിൽ കുറവാണ് ഈ വർഷം രേഖപ്പെടുത്തിയത്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന് 70 ബില്യൺ ഡോളറിന്‍റെ കുറവുണ്ടായപ്പോൾ ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിന് 48 ബില്യണിന്‍റെ കുറവുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.