അവധിയിലുള്ള ജീവനക്കാരെ വിളിച്ചാൽ ഒരു ലക്ഷം രൂപ പിഴ; ജീവനക്കാർക്ക് മികച്ച അവധിക്കാലം വാഗ്ദാനം ചെയ്ത് ഇന്ത്യൻ കമ്പനി
text_fieldsമുംബൈ: ലോകത്തെമ്പാടും തൊഴിലാളികൾ അവധി എടുക്കുന്നത് ജോലി ഭാരത്തിൽ നിന്ന് വിശ്രമത്തിനായാണ്. എന്നാൽ ഭൂരിഭാഗം പേർക്കും അവരുടെ അവധി ആഘോഷ വേളയിൽ കല്ലുകടിയായി ഓഫീസിൽ നിന്നുള്ള വിളി എത്താറുണ്ട്. എന്നാൽ ഒരു ഇന്ത്യൻ കമ്പനി ഇതിനൊരു അവസാനമുണ്ടാക്കിയിരിക്കുകയാണ്.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്ഫോമായ ഡ്രീം 11 എന്ന കമ്പനിയാണ് അവധിയിലുള്ള ജീവനക്കാരെ വിളിക്കരുതെന്ന കർശന നിർദേശം നൽകിയത്. അവധിയിലുള്ള ജീവനക്കാരെ വിളിച്ചാൽ വിളിക്കുന്നവരിൽ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. കമ്പനിയുടെ സഹ സ്ഥാപകൻ ഭവിത് ഷേതാണ് ഇക്കാര്യം പറഞ്ഞത്.
2008ലാണ് കമ്പനി സ്ഥാപിച്ചത്. എല്ലാ ജീവനക്കാരും വർഷം ഒരാഴ്ച അവധി എടുക്കണമെന്നത് കമ്പനിയിൽ നിർബന്ധമാണ്. വർഷത്തിലൊരിക്കൽ, ഒരാഴ്ച നിങ്ങളെ സിസ്റ്റത്തിൽ നിന്ന് പുറത്താക്കും. നിങ്ങൾക്ക് ഇ -മെയിലുകളോ ഫോൺ വിളികളോ ഉണ്ടാകില്ല. അത് മറ്റാരുടെയും കൈകടത്തലില്ലാത്ത അവധി ആഘോഷിക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നു. കൂടാതെ, ആരെയും ആശ്രയിക്കാതെ തന്നെ പ്രവർത്തിക്കാൻ കമ്പനിയെയും സഹായിക്കുന്നു. ഈ സംവിധാനം വളരെ ഉപകാര പ്രദമാണെന്നും ഭവിത് ഷേത് പറഞ്ഞു.
ഇടപെടിലില്ലാത്ത ഈ ഒരാഴ്ച ഡ്രീം 11 ലെ ജീവനക്കാർക്ക് ആശ്വാസം ലഭിക്കാനും ഊർജസ്വലരായി തരിച്ചുവരാനും അവരുടെ ഏറ്റവും മികച്ച സംഭാവന സ്ഥാപനത്തിന് നൽകാനും സഹായിക്കുന്നു. പിഴ ഈടാക്കുന്നത് മൂലം ജീവനക്കാരുടെ അവധി ഗുണനിലവാരമുള്ളതാകുമെന്നും കമ്പനി കൂട്ടിച്ചേർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.