പരീക്ഷയിൽ ജയിക്കാൻ വിദ്യാർഥികൾക്ക് കോച്ചിങ് ക്ലാസുകൾ വേണ്ടെന്ന് നാരായണ മൂർത്തി
text_fieldsബംഗളൂരു: പരീക്ഷകളിൽ ജയിക്കാൻ വിദ്യാർഥികൾക്ക് കോച്ചിങ് ക്ലാസുകൾ വേണ്ടെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി. പരീക്ഷകളിൽ വിജയിക്കാൻ നല്ലൊരു മാർഗമല്ല കോച്ചിങ് ക്ലാസുകളെന്നും നാരായണ മൂർത്തി പറഞ്ഞു. കോച്ചിങ് ക്ലാസുകൾ ഉള്ളതിനാൽ റഗുലർ ക്ലാസുകളിൽ കൃത്യമായി പങ്കെടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികളെ പരീക്ഷ ജയിപ്പിക്കാനുള്ള തെറ്റായ മാർഗമാണ് കോച്ചിങ് ക്ലാസുകളെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പേരും കോച്ചിങ് ക്ലാസുകളിലേക്ക് പോയി അവരുടെ അധ്യാപകരെ കേൾക്കുന്നില്ല. രക്ഷിതാക്കൾക്ക് കുട്ടികളെ സഹായിക്കാൻ സാധിക്കാതെ വരുമ്പോഴാണ് ഇതിനുള്ള ഏക പോംവഴിയായി കോച്ചിങ് സെന്ററുകൾ ഉയർന്ന് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എങ്ങനെ പഠിക്കാമെന്ന് പഠിപ്പിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.മനഃപാഠമാക്കുന്നതിനു പകരം ഗ്രഹണശക്തിയും വിമർശനാത്മക ചിന്തയുമാണ് കുട്ടിയുടെ വിദ്യാഭ്യാസത്തിൻ്റെ അടിസ്ഥാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1993ൽ ഇതുമായി ബന്ധപ്പെട്ട് ഇൻഫോസിസിൽ നടത്തിയ ഒരു വർക്ക്ഷോപ്പിന്റെ അനുഭവവും അദ്ദേഹം ഓർമിച്ചെടുത്തു.
നീറ്റ് ഉൾപ്പടെയുള്ള പ്രവേശന പരീക്ഷകളെ കുറിച്ചും ഇതിൽ വിജയിക്കാനായി കോച്ചിങ് സെന്ററുകൾ വിദ്യാർഥികളിൽ ചെലുത്തുന്ന സമ്മർദത്തെ സംബന്ധിച്ചും വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് നാരായണ മൂർത്തിയുടെ പരാമർശമെന്നത് ശ്രദ്ധേയമാണ്. നേരത്തെ തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ കോച്ചിങ് ക്ലാസുകൾക്കെതിരെ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.