അദാനിക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനിയിൽ നിന്ന് രാജിവെച്ച് എൻ.ഡി.ടി.വി പ്രൊമോട്ടർമാർ
text_fieldsന്യൂഡൽഹി: എൻ.ഡി.ടി.വിയുടെ പ്രൊമോട്ടർ കമ്പനിയായ ആർ.ആർ.പി.ആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിൽ(ആർ.ആർ.പി.ആർ.എച്ച്) നിന്ന് രാജിവെച്ച് പ്രണോയ് റോയിയും രാധിക റോയിയും. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഇരുവരും രാജിവെച്ച വിവരം കമ്പനി അറിയിച്ചത്. ആർ.ആർ.പി.ആർ.എച്ചിന് എൻ.ഡി.ടി.വിയിൽ 29.18 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
അതേസമയം, പ്രൊമോട്ടർമാർ എന്ന നിലയിൽ ഇരുവർക്കുമുള്ള 32.16 ശതമാനം ഓഹരി പങ്കാളിതം എൻ.ഡി.ടി.വിയിൽ തുടരും. ചാനലിന്റെ ബോർഡിൽ നിന്ന് ഇരുവരും രാജിവെച്ചിട്ടില്ല. ചൊവ്വാഴ്ച നടന്ന ആർ.ആർ.പി.ആർ.എച്ചിന്റെ യോഗത്തിന് പിന്നാലെയാണ് രാജിപ്രഖ്യാപനം. കമ്പനി ബോർഡ് രാജി അംഗീകരിച്ചിട്ടുണ്ട്. സുദിപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തിൽ സിന്ന ചെങ്കൽവരയൻ എന്നിവരെ ഡയറക്ടർമാരായും ആർ.ആർ.പി.ആർ ഹോൾഡിങ് നിയമിച്ചു. സി.എൻ.ബി.സി അവാസ് ചാനലിന്റെ എഡിറ്ററും സി.ഇ.ഒയുമാണ് കമ്പനി ഡയറക്ടറായെത്തിയ പുഗാലിയ.
നേരത്തെ ആർ.ആർ.പി.ആർ ഹോൾഡിങ് അദാനി ഗ്രൂപ്പിന്റെ കമ്പനികളിലൊന്നിന് എൻ.ഡി.ടി.വിയുടെ ഓഹരികൾ വിറ്റതോടെ ശതകോടീശ്വരന് ചാനലിലേക്കുള്ള വഴി തുറന്ന് കിട്ടിയിരുന്നു. ഇതോടെ എൻ.ഡി.ടി.വിയിലെ 29.18 ശതമാനം ഓഹരികൾ അദാനിയുടേതായി മാറി. ഇതിന് പുറമേ 26 ശതമാനം ഓഹരികൾക്ക് അദാനി ഓപ്പൺ ഓഫറും മുന്നോട്ട് വെച്ചിട്ടുണ്ട്.
ആഗസ്റ്റിൽ അദാനി ഗ്രൂപ്പ് വി.സി.പി.എൽ എന്ന സ്ഥാപനത്തെ ഏറ്റെടുത്തിരുന്നു. ആർ.ആർ.പി.ആർ.എച്ച് വി.സി.പി.എൽ എന്ന കടലാസ് കമ്പനിയിൽ നിന്നും 403.85 കോടി രൂപ വായ്പയെടുത്തിരുന്നു. വായ്പയെടുക്കുന്ന സമയത്ത് ആർ.ആർ.പി.ആറിലെ 99.9 ശതമാനം ഓഹരി ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാനുള്ള അധികാരം കമ്പനി വി.സി.പി.എല്ലിന് നൽകിയിരുന്നു. കഴിഞ്ഞ ആഗസ്റ്റിൽ അദാനി ഗ്രൂപ്പ് വി.സി.പി.എല്ലിനെ ഏറ്റെടുത്തതിന് പിന്നാലെ ഈ അധികാരം ഉപയോഗിച്ച് ആർ.ആർ.പി.ആർ ഹോൾഡിങ്ങിന്റെ നിയന്ത്രണം അദാനി സ്വന്തമാക്കി. ഇതാണ് വ്യവസായ ഭീമന്റെ എൻ.ഡി.ടി.വിയിലേക്കുള്ള വരവിന് കളമൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.