70 മണിക്കൂറില്ല; പക്ഷേ ഇന്ത്യക്കാർ കഠിനമായി ജോലി ചെയ്യുന്നുവെന്ന് ഐ.എൽ.ഒ കണക്കുകൾ
text_fieldsഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ 70 മണിക്കൂർ ജോലി പരാമർശത്തിന് പിന്നാലെ ഇന്ത്യക്കാരുടെ ജോലി സമയം സംബന്ധിച്ച കൂടുതൽ കണക്കുകൾ പുറത്ത്. 70 മണിക്കൂറില്ലെങ്കിലും ഇന്ത്യക്കാർ കഠിനമായി ജോലി ചെയ്യുന്നുവെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാവുന്നത്. ആഴ്ചയിൽ 47.7 മണിക്കൂറാണ് ശരാശരി ഇന്ത്യക്കാരൻ ജോലി ചെയ്യുന്നതെന്ന് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ കണക്കുകളിൽ നിന്നും വ്യക്തമാകും.
ലോകത്തെ 10 വൻ സമ്പദ്‍വ്യവസ്ഥകളെ എടുത്താൽ ആളുകളുടെ ജോലി സമയത്തിന്റെ കാര്യത്തിൽ ഇന്ത്യയാണ് ഒന്നാമത്. എന്നാൽ, മുഴുവൻ രാജ്യങ്ങളുടേയും കണക്കുകൾ പരിശോധിക്കുമ്പോൾ ജോലി സമയത്തിന്റെ കാര്യത്തിൽ ഇന്ത്യ ഏഴാമതാണ്. ഖത്തർ, കോംഗോ, ലെസ്തോ, ഭൂട്ടാൻ, ഗാംബിയ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
ഇന്ത്യയിലെ തൊഴിൽ ഉൽപ്പാദനക്ഷമത കുറവാണെന്നായിരുന്നു നാരായണ മൂർത്തിയുടെ പരാമർശം. രാജ്യത്തിനായി യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജർമ്മനിയും ജപ്പാനും ചെയ്തത് ഇതാണ്. സാമ്പത്തിക പുരോഗതിക്കായി ജനങ്ങളോട് കുറേ വർഷത്തേക്ക് അധിക സമയം അവർ ജോലി ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും മൂർത്തി പറഞ്ഞു.
എന്നാൽ, നാരായണ മൂർത്തിയുടെ പരാമർശം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ മൂർത്തിക്കെതിരെ നെറ്റിസൺസ് വ്യാപക വിമർശനം ഉന്നയിച്ചു. അതേസമയം, ജെ.എസ്.ഡബ്യു സി.എം.ഡി സജിൻ ജിൻഡാൽ, ഒല കാബ്സ് സഹസ്ഥാപകൻ ഭാവിഷ് അഗർവാൾ എന്നിവരെല്ലാം നാരായണ മൂർത്തിയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.