ഇന്ത്യയിൽ റെക്കോർഡ് വില; അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുന്നു
text_fieldsവാഷിങ്ടൺ: ഇന്ത്യയിൽ റെക്കോർഡുകൾ തകർത്ത് പെട്രോൾ-ഡീസൽ വില ഉയരുേമ്പാഴും അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറയുന്നു. വെള്ളിയാഴ്ച 2.5 ശതമാനം ഇടിവാണ് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായത്. കോവിഡ് കേസുകൾ ഉയർന്നതിന് തുടർന്ന് ചൈനയിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന ആശങ്കയാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്.
ഡബ്യു.ടി.ഐ ക്രൂഡിന്റെ വില 2.60 ശതമാനം ഇടിഞ്ഞ് 51.73 ഡോളറിലെത്തി. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില 2.28 ശതമാനം ഇടിഞ്ഞ് 54.79 ഡോളറായി. ഈ ആഴ്ചയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ മാത്രമാണ് എണ്ണവില ഉയർന്നത്.
യു.എസ് കോവിഡ് ഉത്തേജക പാക്കേജ് നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് രണ്ട് ദിവസങ്ങളിൽ എണ്ണവില ഉയരാനുള്ള കാരണം. സൗദി അറേബ്യ എണ്ണ ഉൽപാദനം വെട്ടിചുരുക്കിയതും വിലയെ സ്വാധീനിക്കുന്നുണ്ട്. അതേസമയം, ഡോളറിന്റെ മൂല്യമിടിഞ്ഞത് യു.എസ് ഒഴികെയുള്ള മറ്റ് രാജ്യങ്ങൾക്ക് എണ്ണ ഇറക്കുമതി ചെലവ് കുറക്കും.
കടുത്ത പ്രതിസന്ധിയിലെന്ന് സ്വകാര്യ ബസുടമകൾ
തൃശൂർ: പ്രതിദിനമുയരുന്ന ഇന്ധനവില വർധന സ്വകാര്യ ബസ് സർവിസ് മേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് ഉടമകൾ. വ്യവസായം നിലനിർത്താൻ അടിയന്തര നടപടിക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയാറാവണം. വേതനം, അറ്റകുറ്റപ്പണി, ക്ഷേമനിധി, ടാക്സ്, ഇൻഷുറൻസ്, സി.എഫ് എന്നിവക്ക് സ്വന്തം നിലയിൽ പണം കണ്ടെത്തേണ്ട അവസ്ഥയാണ്. റോഡ് ടാക്സ് ഒഴിവാക്കാനും വർധിപ്പിക്കുന്ന ഡീസൽ വിലയുടെ നികുതി ഒഴിവാക്കുന്നതടക്കമുള്ള ഉത്തേജന പാക്കേജുകൾക്കും സർക്കാറുകൾ തയാറാവണമെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എം.എസ്. പ്രേംകുമാറും ജനറൽ സെക്രട്ടറി ആൻറോ ഫ്രാൻസിസും ആവശ്യപ്പെട്ടു.
മിനിമം ചാർജ് എട്ട് രൂപയിൽനിന്ന് പന്ത്രണ്ട് രൂപയാക്കണമെന്ന ആവശ്യവും ഉടമകൾ മുന്നോട്ടുവെക്കുന്നു. കിലോമീറ്ററിന് 90 പൈസയെന്നത് രണ്ട് രൂപയാക്കണം, ഒരു വര്‍ഷത്തേക്ക് നികുതി ഒഴിവാക്കണം, ക്ഷേമനിധി അടക്കാൻ ഒരുവര്‍ഷം സാവകാശം നല്‍കണം, ഡീസല്‍ സബ്സിഡി അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും അസോസിയേഷൻ മുന്നോട്ടുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.