സ്വത്തിന്റെ പകുതിയിലേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ
text_fieldsന്യൂഡൽഹി: സ്വത്തിന്റെ പകുതിയിലേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ. സ്വത്തിന്റെ ഒരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് പ്രതിജ്ഞയെടുത്ത ശതകോടീശ്വരൻമാരുടെ കൂട്ടത്തിലേക്കാണ് സാം ആൾട്ട്മാനും എത്തുന്നത്. ഫോബ്സിന്റെ കണക്ക് പ്രകാരം ഒരു ബില്യൺ ഡോളറാണ് സാം ആൾട്ട്മാന്റെ ആസ്തി. വിവിധ കമ്പനികളിൽ നടത്തിയ നിക്ഷേപമാണ് സാം ആൾട്ട്മാന് തുണയായത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പടെയുള്ള മേഖലകളിൽ ഗവേഷണം നടത്താൻ സാം ആൾട്മാൻ സ്ഥാപിച്ച കമ്പനിയാണ് ഓപ്പൺ എ.ഐ. പങ്കാളി ഒലിവർ മുൽഹെറിനുമായി ചേർന്നാണ് സ്വത്തുക്കൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിട്ടുകൊടുക്കാനുള്ള തീരുമാനം താൻ എടുത്തതെന്ന് സാം ആൾട്ട്മാൻ പറഞ്ഞു.
തങ്ങളെ ഈ നിലയിലെത്താൻ നിരവധി ആളുകൾ സഹായിച്ചിട്ടുണ്ടെന്ന് ഇരുവരും പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സമൂഹം ഞങ്ങൾക്ക് നൽകിയതിന് പകരം ചിലത് ചെയ്യാൻ തങ്ങൾക്ക് പ്രതിബദ്ധതയുണ്ടെന്നും ഇരുവരും പറഞ്ഞു. ബിൽഗേറ്റ്സ്, മെലിൻഡ ഗേറ്റ്സ്, വാരൻ ബഫറ്റ് തുടങ്ങിയ ശതകോടീശ്വരൻമാർ ചേർന്നെടുത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയുളള പ്രതിജ്ഞക്കൊപ്പമാണ് സാം ആൾട്ട്മാനും ചേർന്നിരിക്കുന്നത്. മറ്റുള്ളവരേയും ഇതിന്റെ ഭാഗമാക്കാൻ മൂന്ന് പേരും പ്രവർത്തിച്ച് വരികയാണ്.
30ഓളം രാജ്യങ്ങളിൽ നിന്നുള്ള 240 പേർ ബിൽഗേറ്റ്സും മെലിൻഡയും വാരൻ ബഫറ്റും ചേർന്ന് തുടങ്ങിയ ഈ ഉദ്യമത്തിനൊപ്പമുണ്ട്. അതേസമയം, ഇവരുടെ പ്രവർത്തനങ്ങൾക്കെതിരെ നേരത്തെ വിമർശനവും ഉയർന്നിരുന്നു. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ഇവർ പരാജയമാണെന്ന വിമർശനമാണ് പ്രധാനമായും ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.