അദാനി തട്ടിപ്പ്: സെബിയുടെ നടപടി ചോദ്യം ചെയ്യപ്പെടുന്നു
text_fieldsന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തു കൊണ്ടുവന്ന അദാനി കമ്പനികളിലെ ക്രമക്കേട് അന്വേഷിക്കാൻ ഓഹരി വിപണി നിയന്ത്രകരായ സെബി കൂടുതൽ സമയം തേടിയത് പുതിയ വിവാദമായി. അദാനി കമ്പനികൾക്കെതിരെ ഹരജി നൽകിയ നാലു പേരിൽ ഒരാൾ സെബിയുടെ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചു. സമയം നീട്ടി ചോദിക്കുന്നത് അന്വേഷണവും ക്രമക്കേടും കുഴിച്ചു മൂടുന്നതിനു തുല്യമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
രണ്ടു മാസത്തിനകം ക്രമക്കേട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും നിക്ഷേപ സുരക്ഷിതത്വ നടപടികൾ നിർദേശിക്കാനും മാർച്ച് രണ്ടിന് സുപ്രീംകോടതി സെബിക്ക് നിർദേശം നൽകിയിരുന്നു. റിട്ട. ജസ്റ്റിസ് എ.എം സപ്രെയുടെ നേതൃത്വത്തിൽ ആറംഗ സമിതി സെബി രൂപവൽക്കരിക്കുകയും ചെയ്തു. എന്നാൽ ക്രമക്കേട് അന്വേഷണം പൂർത്തിയാക്കാൻ ആറു മാസം കൂടി വേണമെന്ന് ആവശ്യപ്പെട്ടാണ് സെബി കഴിഞ്ഞ ദിവസം സുപ്രീംകോടതിക്ക് അപേക്ഷ നൽകിയത്.
അന്വേഷണം നീട്ടിക്കൊണ്ടു പോകാനും അനാവശ്യ കാലതാമസം വരുത്താനുമുള്ള ഗൂഡോദ്ദേശമാണ് അപേക്ഷയെന്ന് പൊതുതാൽപര്യ ഹരജി നൽകിയ അഡ്വ. വിശാൽ തിവാരി സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. സമയം നീട്ടി നൽകുന്നത് കോർപറേറ്റ് സ്ഥാപനങ്ങൾക്ക് ഡാറ്റ തിരിമറിക്ക് അവസരം നൽകും.
കോടതി ഉത്തരവിടുന്നതിനു മുമ്പേ തന്നെ അന്വേഷണം തുടങ്ങിയെന്ന വിശദീകരണമാണ് സെബി നേരത്തെ നൽകിയത്. എന്നാൽ അന്വേഷണത്തിന് നിയോഗിച്ചത് ആരെയെന്ന് വ്യക്തമല്ല. അടിയന്തര നടപടികൾ സെബി സ്വീകരിച്ചില്ലെങ്കിൽ നിക്ഷേപ ഭദ്രത വലിയ പ്രശ്നമായി മാറുമെന്നും ഹരജിക്കാരൻ പറഞ്ഞു.
സംയുക്ത പാർലമെന്‍ററി സമിതി (ജെ.പി.സി) അന്വേഷണത്തിൽ നിന്ന് സർക്കാർ ഒളിച്ചോടിയതിനു പിന്നാലെ ഓഹരി വിപണി നിയന്ത്രകരുടെ അന്വേഷണം കുഴിച്ചു മൂടുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. അദാനി കമ്പനികളിലേക്ക് വിദേശ ഫണ്ട് നൽകിയത് ആരെന്ന് പൂർണമായി വെളിപ്പെടുത്തിയിട്ടില്ലെന്ന വിവരവും പുറത്തു വന്നിരിക്കുകയാണ്. സെബി ഈ വഴിക്കും അന്വേഷിക്കേണ്ടതുണ്ടെന്ന് പാർട്ടി വക്താവ് ജയ്റാം രമേശ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.